X

എറണാകുളം ജനറല്‍ ആശുപത്രി രോഗികള്‍ക്കായി ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ സാന്ത്വന സംഗീതം

ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍കാറ്ററേഴ്സ് ആന്‍ഡ് ഫ്ളൈറ്റ് സര്‍വീസസ് എന്നിവര്‍ സംയുക്തമായി അവതരിപ്പിച്ചു വരുന്ന പരിപാടിയായിരുന്നു ഇത്

എറണാകുളം ജനറല്‍ ആശുപത്രി രോഗികള്‍ക്ക് സാന്ത്വനമായി ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ സാന്ത്വന സംഗീതം. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍കാറ്ററേഴ്സ് ആന്‍ഡ് ഫ്ളൈറ്റ് സര്‍വീസസ്(കാഫ്സ്) എന്നിവര്‍ സംയുക്തമായി അവതരിപ്പിച്ചു വരുന്ന സംഗീത സാന്ത്വന പരിപാടിയുടെ 179-ാമത് പതിപ്പ് ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഒരു പുത്തന്‍ അനുഭവമായി.

ഇന്ന് നടന്ന സംഗീത പരിപാടിയില്‍ മോനായി (ജോണ്‍സണ്‍), അനില്‍കുമാര്‍, ധര്‍മ്മരാജന്‍, ബീന അഗസ്റ്റിന്‍, എന്നിവരാണ് അണിനിരന്നത്. മഴയുടെ പശ്ചാത്തലത്തോടെ ആകെ എട്ടു പാട്ടുകളാണ് ഇവര്‍ പാടിയത്. മൈതാനത്തെ മഴ മുക്കിയപ്പോള്‍ സദസ്യര്‍ ആശുപത്രി ഇടനാഴികളിലും വരാന്തയിലുമായി ഇടം പിടിച്ചു. കേരളം കേരളം.. എന്ന ഗാനത്തോടെ മോനായിയാണ് പരിപാടി തുടങ്ങിയത്.

നാല് വ്യത്യസ്ത കര്‍മ്മ മണ്ഡലങ്ങളിലുള്ളവരാണ് ഇവരെല്ലാം. തൃപ്പൂണിത്തുറ സ്വദേശിയായ മോനായി കാര്‍ അക്സസറീസസ് കടയിലെ മാനേജരാണ്. 22 കൊല്ലമായി സംഗീത രംഗത്തുണ്ട്. വിവിധ ട്രൂപ്പകളിലും അംഗമാണ്.

ആലപ്പുഴ കുത്തിയ തോട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് മറ്റൊരു ഗായകനായ ധര്‍മ്മരാജന്‍. അദ്ദേഹം വിവിധ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതു കൂടാതെ പല്ലു കൊണ്ട് തേങ്ങ പൊതിക്കുന്ന സാഹസിക വിദ്യയും സ്വായത്തമാക്കിയ വ്യക്തിയാണ്.

ലാബ് ടെക്നീഷ്യനായ അനില്‍ കുമാര്‍ വര്‍ഷങ്ങളായി ഗാനമേള രംഗത്ത് സജീവമാണ്. നാടക ഗാനങ്ങളില്‍ പ്രത്യേക പ്രാവീണ്യമുള്ള അദ്ദേഹം തൃപ്പൂണിത്തുറ നാദഭേരി ട്രൂപ്പിന്റെ സഹസ്ഥാപകന്‍ കൂടിയാണ്.

മരട് സ്വദേശിയായ ബീന അഗസ്റ്റിന്‍ കഴിഞ്ഞ 20 വര്‍ഷമായി ഗാന രംഗത്ത് സജീവമാണ്.

This post was last modified on July 19, 2017 5:35 pm