X

സ്ത്രീകളുടേയും ലൈംഗിക ന്യൂനപക്ഷങ്ങളുടേയും അവകാശങ്ങള്‍ക്ക് പിന്തുണ: സൗദിയിലെ സംഗീത പരിപാടി ഹിപ് ഹോപ് താരം നിക്കി മിനാജ് പിന്മാറി

ഇൻസ്റ്റാഗ്രാമിൽ 13 കോടി ഫോളോവേഴ്സുള്ള നിക്കി മിനാജ് ലോകത്തെ മികച്ച പത്ത് വനിതാ താരങ്ങളിൽ ഒരാളാണ്.

സൗദിയിലെ ഏറ്റവും വലിയ സംഗീത പരിപാടിയായ ജിദ്ദ വേൾഡ് ഫെസ്റ്റില്‍ നിന്നും ഹിപ്-ഹോപ് താരം നിക്കി മിനാജ് പിന്മാറി. അഭിപ്രായ സ്വാതന്ത്ര്യത്തോടൊപ്പം സ്ത്രീകളുടെയും എൽജിബിടിക്യു ജനങ്ങളുടെയും അവകാശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പരിപാടിയില്‍ നിന്നും പിന്മാറുകയാണെന്ന് മിനാജ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ 13 കോടി ഫോളോവേഴ്സുള്ള നിക്കി മിനാജ് ലോകത്തെ മികച്ച പത്ത് വനിതാ താരങ്ങളിൽ ഒരാളാണ്.

അവരുടെ ആല്‍ബങ്ങളില്‍ ലൈംഗികതയുടെ അതിപ്രസരമുണ്ടെന്ന് ചൂണ്ടിക്കാട്ടി യാഥാസ്ഥിതിക വിഭാഗം സംഘാടകര്‍ക്കെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. ‘അഭിപ്രായ സ്വാതന്ത്ര്യവും സ്ത്രീകളുടെയും എൽജിബിടിക്യു സമൂഹത്തിന്‍റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് വളരെ ശ്രദ്ധാപൂര്‍വ്വം ആലോചിച്ചെടുത്ത തീരുമാനമാണിത്’- അവര്‍ ‘അസോസിയേറ്റഡ് പ്രസ്’ വാർത്താ ഏജൻസിയോട് പറഞ്ഞു. ‘ഒനിക താന്യ മരാജ്’ എന്നാണ് ട്രിനിഡേഡിയൻ റാപ്പർ സിംഗറായ മിനാജിന്‍റെ യഥാര്‍ത്ഥ പേര്.

18-ന് ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ജിദ്ദ വേൾഡ് ഫെസ്റ്റ് അരങ്ങേറുന്നത്. മിനാജിന് പുറമേ ലോകോത്തര താരങ്ങളായ ലിയാം പയ്ൻ, സ്റ്റീവ് അയോകി തുടങ്ങിയവരും മാസ്മരിക സംഗീതംകൊണ്ട് സൗദിയിലെ ആരാധകരെ പുളകം കൊള്ളിക്കാനെത്തുമെന്നും സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. 41 ദിവസം നീളുന്ന ജിദ്ദ സീസൺ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് പരിപാടി. ആഗോള വ്യാപകമായി എം.ടി.വി ഉള്‍പ്പെടെയുള്ള ചാനലുകളില്‍ പരിപാടി പ്രക്ഷേപണം ചെയ്യും. അതേസമയം ജിദ്ദയില്‍ കഴിഞ്ഞ ജൂണില്‍ ആരംഭിച്ച ‘ഹലാല്‍ നൈറ്റ് ക്ലബ്ബ്’ ആദ്യ ദിവസം തന്നെ അധികൃതര്‍ പൂട്ടിയിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുമിച്ച് പ്രവേശനം അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.