X

ലൈംഗികത, ആരോഗ്യം, കാപട്യം, പിന്നെ തുറന്ന ‘വളി’കളും: കാവ്യയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയിലെ ആശംസ സന്ദേശങ്ങളിലും പൊങ്ങച്ച പ്രകടനങ്ങളിലും മടുത്താണ് സംവാദത്തിന്റെ പുതിയ മേഖലകളിലേക്ക് നവമാധ്യമങ്ങളെ തിരിച്ചുവിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് 28 കാരിയായ കാവ്യ പറയുന്നു.

ആശയസംവാദങ്ങളുടെ പുതിയ മേഖലകള്‍ തേടുകയാണ് മുംബൈയില്‍ നിന്നുള്ള ചിത്രകാരിയായ കാവ്യ. ഇന്‍സ്റ്റാഗ്രാമില്‍ സ്ത്രീകള്‍ പൊതുവില്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത ലൈംഗികത, ആരോഗ്യം, അധോവായു തുടങ്ങിയ വിഷയങ്ങളില്‍ ചിത്രങ്ങള്‍ വരച്ച് ചര്‍ച്ചയ്ക്ക് വെക്കുകയാണ് കാവ്യയിപ്പോള്‍. സോഷ്യല്‍ മീഡിയയിലെ ആശംസ സന്ദേശങ്ങളിലും പൊങ്ങച്ച പ്രകടനങ്ങളിലും മടുത്താണ് സംവാദത്തിന്റെ പുതിയ മേഖലകളിലേക്ക് നവമാധ്യമങ്ങളെ തിരിച്ചുവിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് 28 കാരിയായ കാവ്യ പറയുന്നു.

#100DaysOfHappiness എന്ന ഹാഷ് ടാഗിലാണ് കാവ്യ തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. സെല്‍ഫികളും വിനോദസഞ്ചാര ചിത്രങ്ങളും സമ്പന്ന അത്താഴങ്ങളുടെയും മറ്റും ചിത്രങ്ങളും മാത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. സങ്കീര്‍ണമായ ബന്ധങ്ങള്‍, ഭൗതിക അത്യാര്‍ത്തികള്‍, മാനസികാരോഗ്യം, മൊബൈല്‍ ഫോണുകളോടുള്ള അമിതാസക്തി, ലൈംഗികത, ശരീരത്തോടുള്ള നിഷേധാത്മക സമീപനം തുടങ്ങിയ ഗൗരവമുള്ള വിഷയങ്ങള്‍ ആരും ചര്‍ച്ച ചെയ്യുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നിഷിദ്ധമെന്ന് സമൂഹം പ്രഖ്യാപിക്കുന്ന കാര്യങ്ങളെ വ്യക്തിപരമായ വീക്ഷണകോണില്‍ നിന്നുകൊണ്ട് സമീപിക്കാനും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാനുമാണ് തന്റെ ശ്രമമെന്നും കാവ്യ വിശദീകരിക്കുന്നു.

2017 ജൂണ്‍ ആറിനാണ് തന്റെ ചിത്രപരമ്പര കാവ്യ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. പൊതുവില്‍ സ്ത്രീകള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത അധോവായു വിക്ഷേപണത്തെ കുറിച്ചായിരുന്നു ആദ്യ ചിത്രം. ഒരു കസേരയുടെ കൈയില്‍ പിടിച്ച് നി്ന്ന് വളിയിടാന്‍ തയ്യാറെടുക്കുന്ന ഒരു സ്ത്രീയുടെ ചിത്രമായിരുന്നു അത്. സ്വന്തം അനുഭവത്തില്‍ നിന്നാണ് ഇത്തരം ഒരു ആശയം ഉടലെടുത്തതെന്ന് കാവ്യ പറയുന്നു. ഒരിക്കല്‍ കാമുകന്റെ മുന്നില്‍ വച്ച് കാവ്യ അപ്രതീക്ഷിതമായി വളിയിട്ടുപോയി. വലിയ ശബ്ദവും വല്ലാത്ത ദുര്‍ഗന്ധവും അതിനുണ്ടായിരുന്നു എന്ന് കാവ്യ ഓര്‍ക്കുന്നു. നാണം മൂലം താന്‍ തകര്‍ന്നുപോയി എന്നാണ് കാവ്യ പറയുന്നത്. എങ്ങോട്ടെങ്കിലും അപ്രത്യക്ഷമായാലോ എന്നുവരെ അവര്‍ക്ക് തോന്നി. എന്നാല്‍ ഒരു നിമിഷത്തിന് ശേഷം ഇരുവരും പൊട്ടിച്ചിരിക്കുകയായിരുന്നുവെന്ന് കാവ്യ പറയുന്നു. അതോടെയാണ് ആ ബന്ധം നീണ്ടുനില്‍ക്കുമെന്ന് തനിക്കുറപ്പായതെന്നും കാവ്യ വിശദീകരിക്കുന്നു.

ഇത്തരം വൈയക്തിക അനുഭവങ്ങള്‍ കൂടാതെ തന്റെ തലമുറ ആനുഭവിക്കുന്ന ഏകാന്തയെ കുറിച്ചുള്ള ഭീതി, നിന്ദാശീലം, തന്റെ സ്വത്വം അംഗീകരിക്കപ്പെടുന്നതിനായി സാമൂഹ്യമാധ്യമങ്ങളെ അമിതമായി ആശ്രയിക്കുന്ന രീതി തുടങ്ങിയ വിഷയങ്ങളിലും അവര്‍ ഇടപെടലുകള്‍ നടത്തുന്നു. അസ്വസ്ഥാജനകമെങ്കിലും അത്യന്താപേക്ഷിതമായ സംവാദങ്ങളുടെ സാധ്യതകള്‍ തുറക്കുന്നതില്‍ കലയ്ക്കുള്ള ശേഷിയില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് കാവ്യ പറയുന്നു. ഏകാന്തത, ആകാംഷ, വിഷാദം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സത്യസന്ധമായ ചര്‍ച്ചകള്‍ക്ക് കലാസൃഷ്ടികള്‍ ഇടം നല്‍കുന്നുണ്ടെന്നാണ് അവരുടെ നിരീക്ഷണം.

കാവ്യ ട്രോളുകള്‍ക്കും ഇരയാവാറുണ്ട്. ആളുകളെ വെറുതെ ഞെട്ടിച്ച് ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് ആര്‍ത്തവം, സ്ത്രീ വിരുദ്ധത, ലൈംഗിക പീഡനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചിത്രങ്ങള്‍ കാവ്യ പോസ്റ്റ് ചെയ്യുന്നതെന്നാണ് പ്രധാന ആരോപണം. എന്നാല്‍ അപ്രതീക്ഷിത കോണുകളില്‍ നിന്നുപോലും അവര്‍ക്ക് പ്രോത്സാഹനവും ലഭിക്കാറുണ്ട്. ഇത്തരം അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഒരു ആഗോള സമൂഹത്തിന്റെ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ടെന്ന് കാവ്യ പറയുന്നു. പാകിസ്ഥാനില്‍ നിന്നും ബ്രസീലില്‍ നിന്നും പോലും അവരെ പിന്തുണച്ചുകൊണ്ട് ആളുകള്‍ രംഗത്തെത്തുന്നു.