X

അരുവിക്കരയില്‍ വിജയകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

അഴിമുഖം പ്രതിനിധി

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എം വിജയകുമാര്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി. സിപിഐഎം തിരുവനനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിലാണ് വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനം ഉണ്ടായത്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഈ തീരുമാനത്തിന് അംഗീകാരം നല്‍കും. ഔദ്യോഗിക പ്രഖ്യാപനം എല്‍ഡിഎഫ് യോഗത്തിനുശേഷമെ ഉണ്ടാകൂ.

മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ മുതല്‍ പറഞ്ഞുകേള്‍ക്കുന്ന പേരായിരുന്നു മുന്‍ മന്ത്രിയും നിയമസഭ സാമാജികനുമായിരുന്ന വിജയകുമാറിന്റെ പേര്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നിന്ന വിജയകുമാറിന് വീണ്ടും മത്സരരംഗത്തേക്ക് വരുന്നതിന് ജി കാര്‍ത്തികേയന്റെ അപ്രതീക്ഷിത മരണവും ആര്‍എസ്പിയുടെ മുന്നണി മാറ്റവുമാണ് കാരണമായത്. ഇടതുമുന്നണിയിലായിരുന്നപ്പോള്‍ ആര്‍എസ്പി സ്ഥിരമായി മത്സരിച്ചിരുന്ന മണ്ഡലമായിരുന്നു അരുവിക്കര. ആര്‍എസ്പി പോയതോടെ മണ്ഡലം സിപിഎം ഏറ്റെടുക്കുകയായിരുന്നു.

ഏറെ നിര്‍ണായകമായ ഈ ഉപതെരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എല്‍ഡിഎഫ് നേരിയ മുന്‍തൂക്കം നേടിയിരിക്കുകയാണ്. ജി കാര്‍ത്തികേയന്റെ പത്‌നി സുലേഖയെ മത്സരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ണവിജയത്തിലെത്തിക്കാന്‍ കഴിയാതെ പോകുന്നതാണ് യുഡിഎഫിന് തലവേദനയാകുന്നത്. എന്നാല്‍ അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഒട്ടുംവൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നും ഏറ്റവും വിജയസാധ്യതയുള്ള ആള്‍ തന്നെയായിരിക്കും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി അരുവിക്കരയില്‍ മത്സരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി തീര്‍ച്ചയായും വിജയിക്കുമെന്നും സുധീരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

This post was last modified on December 27, 2016 3:10 pm