X

അരുവിക്കരയില്‍ കെ എസ് ശബരീനാഥന്‍ യുഡിഎഫ് സ്ഥാനാര്‍ഥി

അഴിമുഖം പ്രതിനിധി

അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്നുള്ള ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. ജി കാര്‍ത്തികേയന്റെ മൂത്ത മകന്‍ കെഎസ് ശബരിനാഥന്‍ അച്ഛന് പിന്‍ഗാമിയായി അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കാര്‍ത്തികേയന്റെ ഭാര്യ ഡോ. എം ടി സുലേഖയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ അവസാനനിമിഷം വരെ നടന്ന ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതിനെ തുടര്‍ന്ന്, ഒടുവില്‍ സുലേഖയുടെ കൂടി താല്‍പര്യം പരിഗണിച്ച് ശബരിനാഥനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവുകയായിരുന്നു.

ആദ്യം മുതല്‍ തന്നെ വിസമ്മതം അറിയിച്ചു നിന്നിരുന്ന സുലേഖ മത്സരിച്ചില്ലെങ്കില്‍ പകരം കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സ്ഥാനാര്‍ത്ഥിയാവണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. പക്ഷെ കാര്‍ത്തികേയന്‍രെ കുടുംബത്തില്‍ നിന്നും ഒരാള്‍ തന്നെ വേണം എന്നതായിരുന്നു ഭൂരിപക്ഷത്തിന്റെയും ആവശ്യം.

അച്ഛന്റെ രാഷ്ട്രീയപാത പിന്തുടരാനായിരിക്കും താന്‍ ശ്രമിക്കുക എന്നതായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവന്നതിനു പിന്നാലെ ശബരിനാഥന്റെ പ്രതികരണം. അതേസമയം എല്‍ഡിഎഫ് എം വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് രംഗത്ത് ആദ്യമുന്‍തൂക്കം നേടിയിരുന്നു. വിജയകുമാറിന്റെ പ്രചരണം മണ്ഡലത്തില്‍ ആരംഭിക്കുകയും ചെയ്തു.

This post was last modified on December 27, 2016 3:10 pm