X

മൂന്നാം ദിവസവും സഭ നിര്‍ത്തിവെച്ചു: മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നിരാഹരസമരത്തിലേക്ക്

അഴിമുഖം പ്രതിനിധി

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം പുറത്തിറങ്ങി. മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നിരാഹാര സമരം ആരംഭിച്ചു. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിച്ചപ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചു. ചട്ടപ്രകാരം ചോദ്യോത്തരവേളയില്‍ സംസാരിക്കാനാകില്ലെന്നും ശൂന്യവേളയില്‍ പ്രതിപക്ഷനേതാവിന് അവസരം നല്‍കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ചോദ്യോത്തരവേളയില്‍ ആറു തവണ സംസാരിച്ചെന്നും അതിന്‍റെ തീയതികളുമുള്‍പ്പെടെ ചെന്നിത്തല സഭയില്‍ വിശദീകരിച്ചു. എന്ത്കൊണ്ടാണ് തങ്ങളോട് പക്ഷഭേദം കാണിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

 എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനൂപ് ജേക്കബ്, ഹൈബി ഈഡന്‍ എന്നിവര്‍ നിയമസഭാകവാടത്തിനു മുമ്പില്‍ നിരാഹാരമിരിക്കും.  എന്‍ ഷംസുദ്ദീന്‍, കെഎം ഷാജി എന്നീ മുസ്ലിം ലീഗ് എംഎല്‍എമാരും അനുഭാവ സത്യാഗ്രഹം ആരംഭിക്കും. ഭരണപക്ഷത്തിന്‍റെ താത്പര്യം സംരക്ഷിക്കുന്നത് പോലെ പ്രതിപക്ഷത്തിന്‍റെ താല്‍പര്യവും സംരക്ഷിക്കാന്‍ സ്പീക്കര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് സഭയ്ക്ക് പുറത്ത് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സഭയില്‍ പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 

This post was last modified on December 27, 2016 2:26 pm