X

വടക്കാഞ്ചേരി കൂട്ടബലാത്സംഗം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

അഴിമുഖം പ്രതിനിധി

വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വീണ്ടും മാറ്റി. ഗുരുവായൂര്‍ എസിപി പിഎം ശിവദാസനെ ഏല്‍പ്പിച്ചിരുന്ന കേസ് അസി. പോലീസ് കമ്മീഷണര്‍ ജി പൂങ്കുഴലിയാണ് ഇനി അന്വേഷിക്കുക. പേരാമംഗലം സിഐ മണികണ്ഠനായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ ബലാത്സംഗത്തിന് ഇരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെ മാറ്റുകയായിരുന്നു.

അതെസമയം വടക്കാഞ്ചേരി കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ പേര് തൃശ്ശൂര്‍ സിപിഎം ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് യുവതിയുടെ പേര് വെളിപ്പെടുത്തിയത്. ഇത് ചൂണ്ടികാട്ടിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് രാധാകൃഷ്ണന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു ‘ആരോപണ വിധേയനായ ജയന്തന്റെ പേര് മാത്രം പുറത്ത് വരികയും യുവതിയുടെ പേര് വരാതിരിക്കുകയും ചെയ്യുന്നത് ശരിയല്ല.’

സംഭവത്തില്‍ ആരോപണ വിധേയനായ കൗണ്‍സിലര്‍ ജയന്തനെയും, ബിനീഷിനെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജയന്ത് മുനിസിപ്പല്‍ കൗണ്‍സിലറായി തുടരുമെന്നും കുറ്റം ചെയ്തവര്‍ ഉന്നത സ്ഥാനത്തിരിക്കുന്ന നേതാവാണെങ്കില്‍ പോലും പുറത്താക്കാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സിപിഎം, എന്നാല്‍ അവര്‍ നിരപരാധിയാണെങ്കില്‍ സംരക്ഷിക്കുമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

This post was last modified on December 27, 2016 2:18 pm