X

മോദിയെ പുകഴ്ത്തിയും സ്മൃതി ഇറാനിയുടെ ഐ ആന്‍ഡ് ബി മന്ത്രാലയത്തെ വിമര്‍ശിച്ചും പ്രസാര്‍ ഭാരതി ചെയര്‍മാന്‍

പ്രസാര്‍ ഭാരതി ആക്ട് നിലവിലില്ല എന്ന മട്ടിലാണ് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ പ്രവര്‍ത്തനമെന്ന് സൂര്യപ്രകാശ് ചൂണ്ടിക്കാട്ടുന്നു.

ദൂരദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയും ഉള്‍പ്പെട്ട പ്രസാര്‍ ഭാരതിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ വിവാദമാവുകയാണ്. സ്വകാര്യ കമ്പനിക്ക് കോടികള്‍ പണമായി നല്‍കാനും തനിക്ക് താല്‍പര്യമുള്ള മാധ്യമപ്രവര്‍ത്തകരെ പ്രസാര്‍ഭാരതിക്ക് താങ്ങാനാകാത്ത പ്രതിഫലം നല്‍കി നിയമിക്കാനുമുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സ്മൃതി ഇറാനിയുടെ നിര്‍ദ്ദേശം പ്രസാര്‍ ഭാരതി ബോര്‍ഡ് തള്ളികളഞ്ഞതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. എല്ലാ കരാര്‍ ജീവനക്കാരേയും പിരി്ച്ചുവിടാനായിരുന്നു മറ്റൊരു വിവാദ നിര്‍ദ്ദേശം. ഇതും പ്രസാര്‍ ഭാരതി തള്ളിക്കളഞ്ഞിരുന്നു.

പ്രസാര്‍ ഭാരതി ജീവനക്കാരുടെ ശമ്പളത്തിനായുള്ള പണം നല്‍കാതെ ഐ ആന്‍ഡ് ബി മന്ത്രാലയം തടഞ്ഞുവച്ചിരിക്കുന്നത് വിവാദമായിരിക്കുകയാണ്. പ്രസാര്‍ ഭാരതി സ്വയംഭരണാവകാശമുള്ള സ്ഥാപനമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനുള്ള ബാധ്യത തങ്ങള്‍ക്കില്ലെന്നും ബോര്‍ഡ് ചെയര്‍മാന്‍ എ സൂര്യപ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസാര്‍ ഭാരതി ആക്ടിന് പുല്ലുവില പോലും കല്‍പ്പിക്കാതെയാണ് ഐ ആന്‍ഡ് ബി മന്ത്രായം പെരുമാറുന്നെതെന്ന് ദ ഹിന്ദുവിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സൂര്യ പ്രകാശ് കുറ്റപ്പെടുത്തുന്നു.

പ്രസാര്‍ ഭാരതി ആക്ട് നിലവിലില്ല എന്ന മട്ടിലാണ് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ പ്രവര്‍ത്തനമെന്ന് സൂര്യപ്രകാശ് ചൂണ്ടിക്കാട്ടുന്നു. പ്രസാര്‍ ഭാരതി സിഇഒയുടെ ആന്വല്‍ പെര്‍ഫോമന്‍സ് അപ്രൈസല്‍ റിപ്പോര്‍ട്ടില്‍ ഐ ആന്‍ഡ് ബി സെക്രട്ടറി തയ്യാറാക്കുമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഇത് നിയമവിരുദ്ധമാണ്. പ്രസാര്‍ ഭാരതി ആക്ട് 6 (7) പ്രകാരം സിഇഒ പ്രസാര്‍ ഭാരതി കോര്‍പ്പറേഷന്റെ ജീവനക്കാരനാണ്. അല്ലാതെ മന്ത്രാലയ ജീവനക്കാരനല്ല. മന്ത്രാലയത്തിനോ ഉദ്യോഗസ്ഥര്‍ക്കോ സിഇഒയെ നിയന്ത്രിക്കാനോ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ ഉള്ള യാതൊരു അധികാരവുമില്ലെന്ന് ആക്ട് വ്യക്തമാക്കുന്നുണ്ടെന്നും സൂര്യപ്രകാശ് പറയുന്നു.

അതേസമയം സ്വയംഭരണാവകാശമുള്ള പ്രസാര്‍ ഭാരതിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമാണ് മോദി സര്‍ക്കാരെന്നാണ് സൂര്യപ്രകാശിന്റെ നിലപാട്. ബിജെപി സഹയാത്രികനും തികഞ്ഞ സംഘപരിവാര്‍ അനുഭാവിയുമാണ് സൂര്യപ്രകാശ്. ‘കപട മതേതരത്വ’മാണ് രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്നാണ് സൂര്യപ്രകാശിന്‍റെ അഭിപ്രായം. പ്രത്യയശാസ്ത്രപരമായ അടുപ്പവും മോദി സര്‍ക്കാരിലെയും ബിജെപിയിലേയും ഉന്നതരോടൊപ്പമുള്ള പ്രവര്‍ത്തന പരിചയവും ഈ സര്‍ക്കാരുമായി തനിക്ക് നല്ല ബന്ധമുണ്ടാകാന്‍ കാരണമാണെന്ന് സൂര്യപ്രകാശ് പറഞ്ഞു. കപട മതേതരത്വം തുടച്ചുനീക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സൂര്യപ്രകാശ് പറഞ്ഞു. ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരമായ അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ആര്‍എസ്എസ് ആണെന്നും അന്ന് ഒളിവിലെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ പങ്കാണ് വഹിച്ചതെന്നും സൂര്യപ്രകാശ് അവകാശപ്പെട്ടു. അന്ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന താന്‍ ആര്‍എസ്എസിന്റെ അടിയന്തരാവസ്ഥാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നെന്നും സൂര്യ പ്രകാശ് അഭിമുഖത്തില്‍ പറയുന്നു.

വായനയ്ക്ക്: https://goo.gl/JXLQri

This post was last modified on March 4, 2018 5:10 pm