X

കടകംപള്ളിക്കെതിരെ കാനം; അതിരപ്പിള്ളിയില്‍ തട്ടി എല്‍ഡിഎഫില്‍ ഭിന്നത

അഴിമുഖം പ്രതിനിധി

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ പേരില്‍ എല്‍ഡിഎഫില്‍ ഭിന്നത വളരുന്നു. വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അതിരപ്പള്ളി പദ്ധതിയെ അനുകൂലിച്ച് രംഗത്തുവന്നതോടെയാണ് പുതിയ ചര്‍ച്ചകള്‍ ഉയര്‍ന്നത്. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തു വന്നു. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ മന്ത്രിമാര്‍ പരസ്യപ്രസ്താവന നടത്തുന്നത് ശരിയല്ലെന്നാണ് കാനം പറഞ്ഞത്. അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നവരാണ് സിപിഐക്കാര്‍. കാനത്തിനുള്ള മറുപടിയായി കാര്യങ്ങള്‍ മനസിലാക്കാതെയുള്ള പ്രസ്താവനയാണ് കാനം നടത്തിയതെന്ന് കടകംപള്ളി പ്രതികരിച്ചു.

അതേസമയം ജനാഭിപ്രായം മാനിച്ചു മാത്രമേ സര്‍ക്കാര്‍ മുന്നോട്ടു പോകാവൂ എന്ന വാദവുമായി വി എസ് അച്യുതാനന്ദനും രംഗത്തുവന്നു. അതിരപ്പിള്ളി പദ്ധതിയെ കുറിച്ച് ആശങ്ക വേണ്ടെന്നും വി എസ് അറിയിച്ചു.

ഇതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയെ അനുകൂലിച്ചാണ് സംസാരിച്ചത്. വെള്ളച്ചാട്ടത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്താതെ തന്നെ പദ്ധതി നടപ്പിലാക്കാമെന്നാണ് പിണറായി പറഞ്ഞത്. അതിരപ്പള്ളിയെക്കുറിച്ച് ആര്‍ക്കും ആശങ്കവേണ്ടെന്നും അദ്ദേഹം മാധ്യപ്രവര്‍ത്തകരോടു പറഞ്ഞു. ആതിരപ്പള്ളി പദ്ധതിയെക്കുറിച്ച് കൃഷി മന്ത്രിയും സിപി ഐ പ്രതിനിധിയുമായ വി എസ് സുനില്‍കുമാര്‍ എതിര്‍പ്പുയര്‍ത്തിയതു ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രിമാര്‍ക്ക് അവരവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും തനിക്ക് മന്ത്രിമാരോട് പറയാനുള്ളത് പറയുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

This post was last modified on December 27, 2016 4:13 pm