X

അറ്റ്ലസ് ജൂവലറി പൂട്ടുന്നു

അഴിമുഖം പ്രതിനിധി

അറ്റ്‌ലസ് ജൂവലറി ശൃംഖല ഈ മാസം 31ന് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. മിഡില്‍ ഈസ്റ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മറ്റൊരു ബിസിനസ് ഗ്രൂപ്പിന് കീഴിലായിരിക്കും ഇനി അറ്റ്‌ലസ് പ്രവര്‍ത്തിക്കുക എന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.  സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ദുബായ് കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ഗ്രൂപ്പ് മേധാവി അറ്റ്‌ലസ് രാമചന്ദ്രന്റെ മകളുടെയും മോചനം വൈകുകയും കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കെത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് അറ്റ് ലസ് ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. കടം വീട്ടുന്ന കാര്യത്തില്‍ വ്യക്തത വരാത്തതിനാല്‍ ബാങ്കുകള്‍ ശക്തമായ നിലപാടു സ്വീകരിച്ചതും അറ്റ്ലസ് ഗ്രൂപ്പിന് വിനയായി. രാമചന്ദ്രന് ഈ കേസില്‍  മൂന്നു വര്‍ഷത്തേക്ക് തടവ്‌ ശിക്ഷയും കോടതി വിധിച്ചിരുന്നു. അതോടെ അറ്റ്ലസ് ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനം ഏറെക്കുറെ അവസാനിച്ചിരുന്നു. മാസങ്ങളായി ജൂവലറി ജീവനക്കാര്‍ക്ക് ശമ്പളം പോലും ലഭിച്ചിരുന്നില്ല.   

അറ്റ്‌ലസിന്റെ സ്വര്‍ണശേഖരവും ഗള്‍ഫിലുള്ള ആസ്തികളും വിറ്റഴിച്ച് കടം വീട്ടാമെന്നാണ് ധാരണയുണ്ടായതായി വാര്‍ത്തകള്‍ പരന്നിരുന്നു. രാമചന്ദ്രന്‍ ജയില്‍ മോചിതനായാല്‍ മാത്രമേ ആസ്തികള്‍ വില്‍ക്കാനാകൂ എന്നതിനാല്‍ ആ ശ്രമവും വൃഥാവിലാവുകയായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് പുറത്ത് വിട്ടാല്‍ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാം എന്ന രാമചന്ദ്രന്റെ അപേക്ഷ ജഡ്ജി ചെവിക്കൊണ്ടിരുന്നില്ല. നേരത്തെ അബ്ദുള്‍ മൊഹ്‌സിന്‍ ഷിയാ എന്ന ജഡ്ജിയായിരുന്നു അറ്റ്‌ലസ്‌ രാമചന്ദ്രന്റെ കേസ് വാദം കേട്ടിരുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് സ്വതന്ത്രനാക്കിയാല്‍ നിലവിലുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനാകും എന്ന രാമചന്ദ്രന്റെ വാദത്തിനു മറുപടിയായി കാലാവധി തീരുന്ന സമയം മുന്‍ ജഡ്ജി തന്നെ കേസ് പരിഗണിക്കുകയാണെങ്കില്‍ രാമചന്ദ്രന് ജാമ്യാപേക്ഷ വീണ്ടും സമര്‍പ്പിക്കാം എന്ന് ജഡ്ജി അലി അത്തിയാഹ് വ്യക്തമാക്കിയിരുന്നു. അതോടെ അറ്റ് ലസ് രാമചന്ദ്രന്റെ മോചനത്തിനുള്ള അവസാനത്തെ വാതിലും അടയുകയായിരുന്നു.

 

This post was last modified on December 27, 2016 3:32 pm