X

ഇപ്റ്റ ദേശിയ സമ്മേളനത്തിന് നേരെ ആക്രമണം; സംഘ പരിവാറെന്ന് ഇപ്റ്റ

അഴിമുഖം പ്രതിനിധി 

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന ഇപ്റ്റ (ഇന്ത്യന്‍ പീപിള്‍സ് തീയറ്റര്‍ അസോസിയേഷന്‍) ദേശിയ സമ്മേളനത്തിന് നേരെ ഒരുകൂട്ടം ആളുകള്‍ അക്രമം നടത്തി. സിപിഐയുടെ കലാ സാംസ്കാരിക സംഘടനയാണ്‌ ഇപ്റ്റ. സംഘപരിവാറാണ് അക്രമത്തിന് പിന്നിലെന്ന് സമ്മേളന പ്രതിനിധികള്‍ ആരോപിച്ചു. പരിപാടി ദേശവിരുദ്ധമാണ് എന്ന് പറഞ്ഞു ഒരു കൂട്ടം ആളുകള്‍ സമ്മേളന വേദിയില്‍ എത്തി അക്രമം നടത്തുകയായിരുന്നു എന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

700 സമ്മേളന പ്രതിനിധികള്‍ ഇപ്റ്റയുടെ ദേശിയ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിന്‍റെ ഭാഗമായി നടന്ന പരിപാടിയില്‍ നടന്ന ചര്‍ച്ചയില്‍ യുദ്ധത്തിന് എതിരെയും ഫാസിസത്തിന് എതിരെയും പ്രതിനിധികള്‍ പ്രസംഗിച്ചിരുന്നു. ഇന്ത്യ പാക് അധിനിവേശ കാശ്മീരില്‍ നടത്തിയ സര്‍ജികള്‍ അറ്റാക്കിനെ കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശമുണ്ടായി. ഇതിനിടയിലേക്ക് ഒരു സംഘം ആളുകള്‍ കടന്നു വന്നു അക്രമം അഴിച്ചു വിടുകയായിരുന്നു.

“ഇരുപതോളം ആളുകള്‍ സമ്മേളന സ്ഥലത്ത് ഇന്ത്യന്‍ പതാകകളുമായി കടന്നു വന്നു സമ്മേളനം അലങ്കോലാമാക്കി. മൈക്കുകള്‍ തട്ടി കളയുകയും ഞങ്ങളെ ആക്രമിക്കുകയും ഞങ്ങള്‍ ദേശവിരുദ്ധരാണെന്നു പറയുകയും ചെയ്തു” ഇപ്റ്റ ഇന്‍ഡോര്‍ ജനറല്‍ അശോക്‌ ദബേ മാധ്യമങ്ങളോട് പറഞ്ഞു.

ഭാരത്‌ സ്വാഭിമന്‍ മഞ്ചിന്റെ പ്രവര്‍ത്തകരാണ് എന്നവകാശപ്പെട്ട അക്രമികള്‍ ആഡിറ്റോറിയത്തിലേക്ക് കല്ലുകളും മറ്റും എറിയുകയും ചെയ്തതായി ഇപ്റ്റ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ സമ്മേളനത്തിന് എതിരെ രംഗത്തെത്തുകയും സമ്മേളനത്തിന് എതിരെ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

This post was last modified on December 27, 2016 2:25 pm