X

പിന്നണി ഗായകൻ അയിരൂര്‍ സദാശിവന്‍ വാഹനാപകടത്തില്‍ മരിച്ചു

അഴിമുഖം പ്രതിനിധി

ഗായകനും സംഗീത സംവിധായകനുമായിരുന്ന അയിരൂര്‍ സദാശിവന്‍ വാഹനാപകടത്തില്‍ മരിച്ചു. 78 വയസ്സായിരുന്നു. ആലപ്പുഴ-ചങ്ങനാശേരി റോഡിലെ മനയ്ക്കച്ചിറയിലാണ് സംഭവം. സദാശിവന്‍ സഞ്ചരിച്ചിരുന്ന വാഹനം റോഡിലെ ഡിവൈഡറില്‍ ഇടിച്ച് കനാലിലേയ്ക്കു മറിയുകയായിരുന്നു. മകന്‍ ശ്രീകുമാറാണു കാര്‍ ഓടിച്ചിരുന്നത്. ശ്രീകുമാര്‍ പരിക്കുകളോടെ രക്ഷപെട്ടു. ഇയാളെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അങ്കമാലിയിലെ സംഗീതപരിപാടിക്ക് ശേഷം അടൂരിലേയ്ക്കു പോകുമ്പോഴായിരുന്നു അപകടം. ജി. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായി സംഗീത രംഗത്തേക്ക് വന്ന സദാശിവന്‍ മലയാള സിനിമകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. വിപഞ്ചിക എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ചായം എന്ന ചിത്രത്തിലെ സദാശിവന്റെ ഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്. നാടകഗാനരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സദാശിവനായിട്ടുണ്ട്.

അമ്മേ അമ്മേ അവിടുത്തെ മുമ്പില്‍, അല്ലിമലര്‍ തത്തേ, ഉദയ സൗഭാഗ്യതാരകയൊ, ശ്രീവത്സം മാറില്‍ ചാര്‍ത്തിയ, ചന്ദനക്കുറി ചാര്‍ത്തി എന്നിവ അയിരൂര്‍ സദാശിവന്‍ ആലപിച്ച ഗാനങ്ങളാണ്. ആകാശവാണിയില്‍ സംഗീത സംവിധായകനായും ഓഡിഷന്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

This post was last modified on December 27, 2016 2:58 pm