X

നിലമ്പൂരില്‍ മാവോയിസ്റ്റ് പാര്‍ട്ടി സ്ഥാപകദിനാഘോഷം നടന്നുവെന്ന്‍ റിപ്പോര്‍ട്ട്

 അഴിമുഖം പ്രതിനിധി 

നിലമ്പൂര്‍ വനത്തില്‍ സിപിഐ (മാവോയിസ്റ്റ്) പാര്‍ട്ടിയുടെ രൂപീകരണത്തിന്‍റെ പന്ത്രണ്ടാം വാര്‍ഷികം ഒരു സംഘം ആഘോഷിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരള, തമിഴ്‌നാട്, കര്‍ണാടക വനപ്രദേശത്തെ മുക്കവലയില്‍വെച്ചാണ് പരിപാടി നടത്തിയത്.

നാടുകാണി ഏരിയ സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പാര്‍ട്ടി സ്ഥാപക ദിനമായ ബുധനാഴ്ച്ച രാവിലെ ജനകീയ വിമോചന ഗറില്ലാസേനയുടെ (പി.എല്‍.ജി.എ) മാര്‍ച്ച്പാസ്റ്റോടെയാണ് പരിപാടികള്‍ ആരംഭിച്ചത് എന്നും ചെല്ലന്‍ എന്ന് പേരുള്ള ഒരാളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

പി.എല്‍.ജി. എ കലാസാംസ്‌കാരിക വിഭാഗത്തിലെ അംഗങ്ങള്‍ അവതരിപ്പിച്ച വിപ്ലവഗാനങ്ങളും ആദിവാസികളുടെ ദുരിതജീവിതത്തെപ്പറ്റിയുള്ള പാട്ടുകളും അവയുടെ നൃത്താവിഷ്‌കാരങ്ങളും പരിപാടിയില്‍ ഉണ്ടായിരുന്നു. ബലവത്തായ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുക, വിപ്ലവപ്രസ്ഥാനം മുന്നേറുക, നമ്മളിലെ അന്യവര്‍ഗ പ്രവണതകള്‍ പിഴുതെറിയുക, അച്ചടക്കമുള്ള ബോള്‍ഷെവിക് പാര്‍ട്ടി കെട്ടിപ്പടുക്കുക, ഇന്ത്യന്‍ ജനതയുടെ മുന്നണിപ്പടയെ ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പോസ്റ്ററുകള്‍ സമീപത്ത് പ്രദര്‍ശിപ്പിച്ചിരുന്നതായും വാര്‍ത്തയില്‍ പറയുന്നു.

 

This post was last modified on December 27, 2016 2:26 pm