X

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന് ജാമ്യം

അഴിമുഖം പ്രതിനിധി

ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ അറസ്റ്റു ചെയ്ത സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥന്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകണം, സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ പാടില്ല എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം. രണ്ട് മാസത്തേക്കോ അല്ലെങ്കില്‍ കുറ്റപത്രം നല്‍കുന്നതുവരെയോ കണ്ണൂരില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യവസ്ഥ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ജയരാജന് ജാമ്യം നല്‍കുന്നതിനെ സിബിഐ എതിര്‍ത്തുവെങ്കിലും കോടതി അംഗീകരിച്ചില്ല. കൊലപാതകത്തിന്റെ ഗൂഢാലോചന ജയരാജന്റെ തറവാട്ടു ക്ഷേത്രത്തില്‍ വച്ചാണ് നടന്നതെന്ന് സിബിഐ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ക്ഷേത്രം വ്യക്തിയുടേതല്ലെന്നും ട്രസ്റ്റിന്റേതാണെന്നും ജയരാജന്റെ അഭിഭാഷകന്‍ വാദിച്ചു. ജയരാജനെ ജാമ്യത്തില്‍ വിടുന്നത് തെളിവ് ശേഖരിക്കുന്നതിനെ തടസ്സപ്പെടുത്തുമെന്ന സിബിഐ വാദത്തേയും കോടതി തള്ളി. അന്വേഷണം തുടങ്ങി രണ്ടു വര്‍ഷമായിട്ടും തെളിവായില്ലേയെന്ന് ചോദിച്ച് കോടതി സിബിഐയെ വിമര്‍ശിച്ചു.

ജയരാജന്‍ ഇപ്പോള്‍ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്.

This post was last modified on December 27, 2016 3:54 pm