X

പശുക്കടത്ത്; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

അഴിമുഖം പ്രതിനിധി

അനധികൃതമായി പശുക്കളെ കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ച കുറ്റത്തിനു ബിജെപി പ്രവര്‍ത്തകനെതിരെ പൊലീസ് കേസ്. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലാണ് സംഭവം. പൊലീസ് നടപടിക്കെതിരെ ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ നടന്ന വെടിവയ്പ്പില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മാത്യ ഗ്രാമത്തിലാണ് പൊലീസ് തടഞ്ഞ ഒരു ട്രക്കില്‍ മുന്നു പശുക്കളെയും രണ്ടു കിടാവുകളെയും കണ്ടെത്തിയത്. ഡ്രൈവറെ കൂടാതെ വേറൊരാളുമായിരുന്നു വണ്ടിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ രണ്ടുപേരും പൊലീസിനെ വെട്ടിച്ചു ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ കൂടാതെ ഉണ്ടായിരുന്നയാള്‍ ബിജെപി പ്രവര്‍ത്തകന്‍ ചന്ദ്രമാ യാദവ് ആണെന്നാണു പൊലീസ് പറയുന്നത്. ഇരുവര്‍ക്കുമെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ വൈകുന്നേരത്തോടെ ബിജെപി എംഎല്‍എ ഉപേന്ദ്ര തിവാരിയുടെ നേതൃത്വത്തില്‍ എത്തിയ ബിജെപി പ്രവര്‍ത്തകന്‍ ബാലിയയിലെ നര്‍ഹി പൊലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചന്ദ്രമാ യാദവിനെതിരെയുള്ള എഫ് ഐ ആര്‍ റദ്ദാക്കാനും പശുക്കളെ വിട്ടുതരാനും ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യം നിഷേധിക്കപ്പെട്ടതോടെ സംഘം കൂടുതല്‍ അക്രമാസക്തരാവുകയും സ്‌റ്റേഷനു നേരെ കല്ലെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. പൊലീസ് പശുക്കളെ ചന്ദ്രമാ യാദവിന്റെ വീട്ടില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടുവരികയായിരുന്നു എന്നാണ് എംഎല്‍എ ആരോപണം ഉന്നയിച്ചത്.

ആക്രമണം രൂക്ഷമായതോടെ കൂടുതല്‍ പൊലീസ് എത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍കര്‍ക്കെതിരെ ലാത്തി ചാര്‍ജ് ആരംഭിച്ചു. ഉടന്‍ തന്നെ പ്രവര്‍ത്തകരില്‍ ചിലര്‍ കൈയില്‍ കരുതിയിരുന്ന തോക്കുകള്‍ ഉപയോഗിച്ചു പൊലീസിനെതിരെ വെടിവയ്ക്കാന്‍ ആരംഭിച്ചു. ഇതോടെ പ്രത്യാക്രമണത്തിനു പൊലീസിനും മുതിരേണ്ടി വന്നു. ഇതിനിടയിലാണ് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വിനോദ് റായി എന്ന ബിജെപി ബ്ലോക്ക് ട്രഷറര്‍ക്ക് ജീവന്‍ നഷ്ടമായത്. എന്നാല്‍ പൊലീസിന്റെയാണോ കൂടെ വന്നവരുടെ വെടിയേറ്റാണോ മരണപ്പെട്ടതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ പറയാനാകൂ എന്നു ബാലിയ എസ് പി അറിയിച്ചു.

 

This post was last modified on December 27, 2016 2:39 pm