X

ബംഗ്ലാദേശില്‍ രണ്ടു പ്രതിപക്ഷ നേതാക്കളെ തൂക്കിക്കൊന്നു

അഴിമുഖം പ്രതിനിധി

ബംഗ്ലാദേശില്‍ രണ്ടു പ്രതിപക്ഷ നേതാക്കളെ  തൂക്കിലേറ്റി. 1971 ലെ വിമോചന സമരകാലത്ത് പാകിസ്താന്‍ സൈന്യവുമായി സഹകരിച്ചു പ്രവര്‍ത്തിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് സലാവുദ്ദീന്‍ ഖാദര്‍ ചൗധരി, ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ് എന്നിവരെയാണ് ബംഗ്ലാദേശ്  ഭരണകൂടം തൂക്കിലേറ്റിയത്. വിമോചന സമരകാലത്ത് സമരസേനാനികളെ കൂട്ടക്കൊല നടത്തിയ കേസിലാണ് ഇവര്‍ക്ക് അന്താരാഷ്ട്ര കോടതി വധശിക്ഷ വിധിച്ചത്. ശനിയാഴ്ച രാത്രി 12.55 ന് ധാക്ക സെന്ട്ര ല്‍ ജയിലില്‍ വച്ചാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കിയത്‌.

മുന്‍ മന്ത്രികൂടിയായ സലാവുദ്ദീന്‍ ഖാദറിന് വധശിക്ഷ വിധിച്ചത് ചിറ്റഗോങിലെ കുന്നിന്‍ മുകളില്‍ നടന്ന സമരസേനാനികളുടെ കൂട്ടക്കൊലയിലെ പങ്കു വെളിപ്പെട്ടതോടെയാണ്‌. 2013 ലാണ് അന്താരാഷ്ട്ര കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. 1971 ലെ സമരകാലത്ത് പത്രപ്രവര്‍ത്തകരേയും ശാസ്ത്രജ്ഞരേയും സമരസേനാനികളെയും കൂട്ടക്കൊല ചെയ്യാന്‍ പദ്ധതിയിട്ടതിനും ആ സമയത്തു നടന്ന ഹിന്ദുക്കളുടെ കൂട്ടക്കൊലക്കും ഉത്തരവാദിയാണെന്ന് കണ്ടെത്തിയതോടെ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദിന് 2013 ജൂലൈ 17 നും അന്താരാഷ്ട്രകോടതി വധശിക്ഷ വിധിച്ചിരുന്നു. ഇവരുടെ റിവ്യൂ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച തള്ളിയിരുന്നു. ശനിയാഴ്ച പ്രസിഡന്റ് ഇവരുടെ ദയാഹര്‍ജി തള്ളിയതോടെയാണ്  ശിക്ഷ നടപ്പാക്കിയത്.

This post was last modified on December 27, 2016 3:26 pm