X

“റിസര്‍വ് ബാങ്കിന്റെ പക്കല്‍ ധാരാളം പണമുണ്ട്, ഇനിയും തരേണ്ടി വരും”; രാഹുല്‍ ഗാന്ധിക്ക് വിവരവും വിദ്യാഭ്യാസവുമില്ലെന്നും കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

"വിവരവും വിദ്യാഭ്യാസവുമില്ലാത്തവരോട് സംസാരിച്ചിട്ട് കാര്യമില്ല" എന്നാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തോട് പിയൂഷ് ഗോയല്‍ പ്രതികരിച്ചത്.

റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് ഇനിയും പണം തരേണ്ടി വരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. അധിക കരുതല്‍ ധനശേഖരത്തില്‍ നിന്ന് ഇപ്പോള്‍ കൈമാറിയ 52,637 കോടി രൂപ മതിയാകില്ലെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. ബംഗളൂരുവില്‍ നടന്ന ഇന്ത്യ എക്കണോമിക് കോണ്‍ക്ലേവിലാണ് പിയൂഷ് ഗോയല്‍ ഇക്കാര്യം പറഞ്ഞത്.

റിസര്‍വ് ബാങ്കിന്റെ പക്കല്‍ വലിയ തോതില്‍ കരുതല്‍ ധനശേഖരമുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കായി ഇത് ഉപയോഗിക്കണം. കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ പണം കൊള്ളയടിച്ചു എന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പിയൂഷ് ഗോയല്‍ രൂക്ഷമായി വിമര്‍ശിച്ചു. “വിവരവും വിദ്യാഭ്യാസവുമില്ലാത്തവരോട് സംസാരിച്ചിട്ട് കാര്യമില്ല” എന്നാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തോട് പിയൂഷ് ഗോയല്‍ പ്രതികരിച്ചത്.

റിസര്‍വ് ബാങ്ക് തന്ന പണം തീരെ കുറവാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ധാരാളം പണം ഒരു ഉപയോഗവുമില്ലാതെ വെറുതെ വച്ചിരിക്കുകയാണ്. കരുതല്‍ ധനം സംബന്ധിച്ച് ബിമല്‍ ജലാന്‍ കമ്മിറ്റിക്ക് വളരെ യാഥാസ്ഥിതികമായ സമീപനമാണുള്ളതെന്നും പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയ്ക്ക് മറ്റേത് രാജ്യേത്തേക്കാളും കരുതല്‍ ധനശേഖരമുണ്ട് എന്നാണ് വിവരമുള്ള, ഉന്നതരായ ആളുകള്‍ പറയുന്നത് കേട്ടിട്ടുള്ളത്. ആകെ കൈമാറിയ കരുതല്‍ ധനശേഖരത്തിലെ 1.23 ലക്ഷം കോടി പതിവ് കൈമാറ്റത്തിന്റെ ഭാഗമായി വന്നതാണ്. എന്താണ് കരുതല്‍ ധനശേഖരം എന്ന് മനസിലാക്കണം. രാഹുല്‍ ഗാന്ധി വായില്‍ തോന്നിയത് വിളിച്ചുപറയും. വിവരവും വിദ്യാഭ്യാസവുമില്ലാത്തവരോട് തര്‍ക്കിച്ചിട്ട് കാര്യമെന്ത്? – ഗോയല്‍ ചോദിച്ചു.

രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല അതേസമയം വളര്‍ച്ച മന്ദഗതിയിലായിട്ടുണ്ട് എന്നും ഇതേക്കുറിച്ച് ബോധ്യമുള്ള സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയുടെ നില മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

This post was last modified on August 31, 2019 7:30 pm