X

ഇന്ന് മുതല്‍ നാല് സൗജന്യ ഇടപാടുകള്‍ കഴിഞ്ഞാല്‍ ബാങ്കുകള്‍ 150 രൂപ ഈടാക്കും

അതേസമയം ഇത്തരം ചാര്‍ജ്ജുകള്‍ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ഒന്നുമില്ലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു

ഇന്ന് മുതല്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും നാല് സൗജന്യ ഇടപാടുകള്‍ കഴിഞ്ഞാല്‍ ബാങ്കുകള്‍ പരമാവധി 150 രൂപ വീതം ഈടാക്കും. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളാണ് ഇടാപാടുകള്‍ക്ക് വന്‍തുക ഈടാക്കാനൊരുങ്ങുന്നത്.

സേവിംഗ് അക്കൗണ്ടുകള്‍ക്കും സാലറി അക്കൗണ്ടുകള്‍ക്കുമാണ് ചാര്‍ജ്ജ് ഈടാക്കുന്നതെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. കൂടാതെ തേര്‍ഡ് പാര്‍ട്ടി ഇടപാടുകളുടെ പരിധി പ്രതിദിനം 25,000 രൂപയാക്കിയും നിജപ്പെടുത്തിയിട്ടുണ്ട്. പണ ഇടപാടുകള്‍ കുറയ്ക്കാനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനമെന്നാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സര്‍ക്കുലറില്‍ വിശദമാക്കിയിരിക്കുന്നത്.

മാസത്തിലെ ആദ്യ നാല് പണ ഇടപാടുകള്‍ സൗജന്യമായി തുടരും. നവംബര്‍ എട്ടിന്റെ നോട്ട് അസാധുവാക്കലിന് മുമ്പും ഐസിഐസിഐ ബാങ്ക് ഇതേ നിരക്ക് തന്നെയാണ് ഈടാക്കിയിരുന്നത്. എന്നാല്‍ മറ്റ് ബാങ്കുകള്‍ നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. സ്വന്തം ബ്രാഞ്ചിലെ ആദ്യ നാല് ഇടപാടുകള്‍ കഴിഞ്ഞാല്‍ ഐസിഐസിഐ ബാങ്ക് ആയിരം രൂപയ്ക്ക് 5 രൂപ വീതവും പരമാവധി 150 രൂപയും ആണ് ഈടാക്കുക. 50,000 രൂപയായിരിക്കും ഐസിഐസിഐയിലെ തേര്‍ഡ് പാര്‍ട്ടി ലിമിറ്റ്.

എടിഎം വഴിയുള്ള പണം പിന്‍വലിക്കലിന് ഈ ഈടാക്കുന്ന ചാര്‍ജ്ജുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ആക്‌സിസ് ബാങ്കില്‍ ആദ്യ അഞ്ച് ഇടപാടുകള്‍ എല്ലെങ്കില്‍ പത്ത് ലക്ഷം രൂപ വരെയുള്ള പിന്‍വലിക്കലോ നിക്ഷേപിക്കലോ സൗജന്യമായിരിക്കും അതിന് ശേഷമുള്ള ഓരോ ആയിരം രൂപയുടെ ഇടപാടിനു അഞ്ച് രൂപ വീതം അല്ലെങ്കില്‍ പരമാവധി 150 രൂപ ഈടാക്കും. അതേസമയം ഇത്തരം ചാര്‍ജ്ജുകള്‍ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ഒന്നുമില്ലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.