X

റിസര്‍വ് ബാങ്കിന്റെ എതിര്‍പ്പ്: ആക്‌സിസ് ബാങ്ക് മേധാവി ശിഖ ശര്‍മ സ്ഥാനമൊഴിയുന്നു

2009ല്‍ ബാങ്ക് സിഇഒ ആയി ചുമതലയേറ്റ ശിഖ ശര്‍മ, ഇന്ത്യയിലെ വലിയ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ധനകാര്യസ്ഥാപനത്തിന്റെ തലപ്പത്ത് ഏറ്റവുമധികം കാലം സേവനം അനുഷ്ടിച്ചെന്ന ബഹുമതിയോടെയാണ് പടിയിറങ്ങുന്നത്.

സേവന കാലാവധി തീരാന്‍ രണ്ടര വര്‍ഷം ബാക്കി നില്‍ക്കെ ആക്‌സിസ് ബാങ്ക് സിഇഒ ശിഖ ശര്‍മ സ്ഥാനമൊഴിയാന്‍ ഒരുങ്ങുന്നു. ശിഖ ശര്‍മയ്ക്ക് നാലാം തവണയും അവസരം നല്‍കിയ ബാങ്ക് ഭരണ സമിതിയുടെ തീരുമാനത്തിനെതിരേ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. സിഇഒ ആയി നാലാം തവണയും നിയമിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആര്‍ബിഐ നേരത്തെ ബാങ്കിനോട് നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് ശിഖ ശര്‍മ 2018 ഡിസംബര്‍ 31ന് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാങ്ക് ഭരണ സമിതി ഇക്കാര്യം വ്യക്തമാക്കിയത്.

2009ല്‍ ബാങ്ക് സിഇഒ ആയി ചുമതലയേറ്റ ശിഖ ശര്‍മ, ഇന്ത്യയിലെ വലിയ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ധനകാര്യസ്ഥാപനത്തിന്റെ തലപ്പത്ത് ഏറ്റവുമധികം കാലം സേവനം അനുഷ്ടിച്ചെന്ന ബഹുമതിയോടെയാണ് പടിയിറങ്ങുന്നത്. ഈ വര്‍ഷം ജൂലായിലായിരുന്നു ശിഖയുടെ നാലാം ഘട്ടം ആരംഭിച്ചത്. എന്നാല്‍ 2016 സാമ്പത്തിക വര്‍ഷത്തില്‍ ധന നയം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ആര്‍ബിഐ, ആക്‌സിസ് ബാങ്കിന് മൂന്ന് കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിന് പുറമെ 2016-17 വര്‍ഷത്തില്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 156 ശമാനവും ഉയര്‍ന്നതും 59 കാരിയായ ശിഖ ശര്‍മക്കെതിരായ നീക്കത്തിന് കാരണമായെന്നും വിലയിരുത്തുന്നു. അക്‌സിസ് ബാങ്കിനെ മള്‍ട്ടി നാഷണല്‍ ബാങ്കായി ഉയര്‍ത്തിയതും മ്യൂച്വല്‍ ഫണ്ട് രംഗത്തെ ബാങ്കിന്റെ വളര്‍ച്ചയുമടക്കം മികച്ച പ്രവര്‍ത്തനങ്ങളാണ് ശിഖ ശര്‍മയുടെ കാലത്ത് ബാങ്ക് സ്വന്തമാക്കിയത്. 2000 മുതല്‍ 2009 വരെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മേധാവിയായി സേവനമനുഷ്ടിച്ച ശേഷമാണ് ശിഖശര്‍മ, ആക്‌സിസ് ബാങ്ക് മേധാവിയായി ചുമതലയേറ്റത്.

This post was last modified on April 10, 2018 4:37 pm