X

ബാര്‍ കോഴ: ബാബു രാജിവച്ചു

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ ആരോപണത്തില്‍ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് എക്‌സ്സൈസ്, ഫിഷറീസ് മന്ത്രി കെ ബാബു രാജിവച്ചു. ബാബു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രാജികത്ത് കൈമാറി.

സിപിഐഎമ്മും ബാര്‍ ഉടമകളും നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് അദ്ദേഹം രാജിക്കുശേഷം എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ ബാബു ആരോപിച്ചു. തന്റെ രാജിക്ക് സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും രാജി വ്യക്തിപരമായ തീരുമാനം ആണെന്നും ബാബു വ്യക്തമാക്കി.

ഈ നിമിഷം വരെ താന്‍ ഒരു കേസിലും പ്രതിയല്ല. തനിക്കെതിരെ ഗൗരവകരമായ പരാമര്‍ശം വന്നാല്‍ രാജിവയ്ക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്. സാങ്കേതികത്വം പറഞ്ഞ് കടിച്ചു തൂങ്ങില്ലെന്നും പറഞ്ഞിരുന്നു. കോടതി വിധിയെ മാനിക്കുന്നു. വിജിലന്‍സ് പ്രാരംഭാന്വേഷണം നടത്തിയിരുന്നു. തനിക്കെതിരെ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടല്ല.

ബാര്‍ കോഴ ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ തന്റെ പേര് പറഞ്ഞിരുന്നില്ല. 2013 ഫെബ്രുവരിയില്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇത് അബ്കാരി നയത്തെ കുറിച്ച് സംസാരിക്കാനായിരുന്നു. എന്നാല്‍ ഇതിനെ പ്രീ ബജറ്റ് ചര്‍ച്ചയായി വ്യാഖ്യാനിച്ചു. ഈ ചര്‍ച്ച കഴിഞ്ഞ് രണ്ടു വര്‍ഷത്തിനുശേഷമാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. തനിക്കെതിരെ ആരോപണം ഉന്നയിച്ച ആളും (ബാര്‍ ഉടമ ബിജു രമേശ്) ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നുവെന്ന് ബാബു കൂട്ടിച്ചേര്‍ത്തു.

ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ നല്‍കിയ മൊഴികള്‍ പരസ്പരവിരുദ്ധമാണ്. താന്‍ നിയമപോരാട്ടം തുടരുമെന്നും നിരപരാധിയാണെന്ന് തെളിയിക്കും.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15-നാണ് വി ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍ വച്ച് കോടിയേരി ബാലകൃഷ്ണനും ബാര്‍ ഉടമകളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ കൂടുതല്‍ മന്ത്രിമാരെ ആരോപണത്തില്‍ ഉള്‍പ്പെടുത്താന്‍ കോടിയേരി ആവശ്യപ്പെട്ടുവെന്നും ബാറുകള്‍ തുറന്നു നല്‍കാമെന്ന് ഉറപ്പു നല്‍കിയെന്നും ബാബു പറഞ്ഞു. ഈ ഗൂഢാലോചനയ്ക്കുശേഷമാണ്‌ പത്തുകോടി രൂപയുടെ അഴിമതിയാരോപണം തനിക്കെതിരെ ഉന്നയിച്ചത്. അന്നേദിവസത്തെ കോടിയേരിയുടേയും ബാര്‍ ഉടമകളുടേയും ടവര്‍ ലൊക്കേഷന്‍ പരിശോധിക്കണമെന്നും ബാബു ആവശ്യപ്പെട്ടു.

അടുത്ത് ഭരണത്തിലെത്തിയാല്‍ ഇപ്പോഴത്തെ മദ്യനയം തുടരുമോയെന്ന് ബാബു സിപിഐഎമ്മിനോട് ചോദിച്ചു. ബാറുകള്‍ തുറന്നു നല്‍കുമോയെന്നും ബാബു ചോദ്യം ഉന്നയിച്ചു.

ബാര്‍ ഹോട്ടലുകള്‍ പൂട്ടിയശേഷമാണ് തനിക്കെതിരെ ആരോപണം വന്നത്.

This post was last modified on December 27, 2016 3:35 pm