X

ബാര്‍ കോഴ; മന്ത്രി കെ ബാബുവിനെതിരെ അന്വേഷണമാകാമെന്ന് വിജിലന്‍സിന് നിയമോപദേശം

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ ആരോപണത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ അന്വേഷണമാകാമെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചു. പുതിയ കേസെടുത്ത് അന്വേഷിക്കേണ്ടെന്നും നിലവിലുള്ള അന്വേഷണത്തില്‍ ബാബുവിനെതിരായ ആരോപണം കൂടി ഉള്‍പ്പെടുത്താവുന്നതാണെന്നും നിയോപദേശത്തില്‍ പറയുന്നു.

എന്നാല്‍ ബിജു രമേശ് നല്‍കിയ 164-ാം വകുപ്പ് പ്രകാരമുള്ള മൊഴിയില്‍ തന്റെ പേര് പറഞ്ഞിട്ടില്ലെന്ന് മന്ത്രി കെ ബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് പത്തുകോടി തന്നിരുന്നെങ്കില്‍ അതല്ലെ ആദ്യം ഉന്നയിക്കേണ്ടിയിരുന്ന ആരോപണമെന്നും മന്ത്രി ചോദിച്ചു. അല്ലാതെ ഒരു കോടിയുടെ കാര്യമായിരിക്കില്ലല്ലോ ആദ്യം പറയുക എന്നും മന്ത്രി ചോദിച്ചു. കാര്യങ്ങള്‍ വിജിലന്‍സ് തീരുമാനിക്കട്ടേയെന്നും തനിക്ക് ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ കേസ് വന്നാല്‍ സാങ്കേതികത്വം പറഞ്ഞ് അധികാരത്തില്‍ തുടരില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോപണം ഉയര്‍ന്ന് ആറ് മാസത്തിന് ശേഷം 164-ാം വകുപ്പ് പ്രകാരം മൊഴിയെടുത്ത വിജിലന്‍സ് നടപടി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ ബിജു രമേശിന് തന്നോട് വ്യക്തി വിരോധമുണ്ടായിരുന്നുവെന്നും മന്ത്രി ആരോപിച്ചു. തന്നെ ശരിപ്പെടുത്തുമെന്ന് ബിജു പലരോടും പറഞ്ഞതായും ബാബു പറഞ്ഞു. കോണ്‍ഗ്രസില്‍ ആരും നേതൃത്വമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു ചോദ്യത്തിന് ഉത്തരമായി കെ ബാബു ചൂണ്ടിക്കാണിച്ചു.

This post was last modified on December 27, 2016 2:57 pm