X

ചെന്നിത്തലയ്ക്ക് രണ്ടു കോടിയും ശിവകുമാറിന് 25 ലക്ഷവും നല്‍കി: ബിജു രമേശ്‌

അഴിമുഖം പ്രതിനിധി

രമേശ് ചെന്നിത്തലയ്ക്ക് രണ്ടു കോടി രൂപയും വി എസ് ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കിയെന്ന് ബാറുടമ ബിജു രമേശ്. കെ പി സി സി പ്രസിഡന്റായിരിക്കേയാണ് രമേശ് ചെന്നിത്തലയ്ക്ക് രണ്ടു കോടി രൂപ നല്‍കിയത്. കെ പി സി സിയുടെ ഓഫീസില്‍ കൊണ്ടുചെന്നാണ് പണം നല്‍കിയത്. നെയ്യാറ്റിന്‍കര ഉപതരെഞ്ഞെടുപ്പിന് മുമ്പാണ് മന്ത്രി വി എസ് ശിവകുമാറിന് 25 ലക്ഷം രൂപ നല്‍കിയത്. ബാറുകള്‍ തുറക്കുന്നതുമായി നല്‍കിയ കോഴയിടപാടല്ല ഇതെന്നും ബിജു വ്യക്തമാക്കി. ബാറുകള്‍ പൂട്ടാതിരിക്കാനല്ല ശല്യപ്പെടുത്താതിരിക്കാനാണ് പണം നല്‍കിയത്. രാഷ്ട്രീയ മാഫിയ പണപ്പിരിവാണ് നടത്തിയത്. മനസമാധാനമായി ബിസിനസ് ചെയ്യണമെങ്കില്‍ ചോദിച്ച പണം ചോദിക്കുന്ന സ്ഥലത്ത് എത്തിക്കണമെന്നും ബിജു ആരോപിച്ചു.

ബജറ്റുകള്‍ യുഡിഎഫ് പണപ്പിരിവിനുള്ള ഉപാധിയാക്കി മാറ്റിയെന്ന ഗുരുതരമായ ആരോപണവും ബിജു ഉന്നയിച്ചിട്ടുണ്ട്. ബാബു പറഞ്ഞിട്ടാണ് ശിവകുമാറിന് പണം നല്‍കിയത്. ശിവകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം വാസുവിന്റെ കൈയിലാണ് പണം നല്‍കിയത്. ചെന്നിത്തലയ്ക്കുള്ള പണം നല്‍കിയത് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളാണ്. ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കാതിരുന്നത് കെ പി സി സിക്ക് പണം നല്‍കി സന്തോഷിപ്പിച്ചതു കൊണ്ടാണ്. കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയത്തെ ബിസിനസാക്കി മാറ്റി. 

സരിതയുമായി സംസാരിച്ചുവെന്ന് പറയുന്ന എലഗന്‍സ് ബിനോയ് യുഡിഎഫുമായി അടുപ്പമുള്ള ബാര്‍ ഉടമയാണെന്നും ബിജു പറഞ്ഞു. സരിത തന്നോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ പണം നല്‍കിയില്ല. കെ ബാബുവിന് എതിരായ തെളിവുകള്‍ കൈവശം ഉണ്ടെന്ന് സരിത പറഞ്ഞുവെന്നും ബിജു വെളിപ്പെടുത്തി.

This post was last modified on December 27, 2016 3:40 pm

Related Post
Leave a Comment