X

ഗൂഢാലോചന തള്ളി ബിജു രമേശ്, കണ്ടിരുന്നുവെന്ന് ശിവന്‍കുട്ടി

അഴിമുഖം പ്രതിനിധി

വി ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍ വച്ച് കോടിയേരി ബാലകൃഷ്ണനും ബാര്‍ ഉടമകളും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് ബാര്‍ കോഴ ആരോപണത്തില്‍ തന്റെ പേര് ഉയര്‍ന്നുവന്നതെന്ന് രാജി പ്രഖ്യാപനം നടത്തി കൊണ്ട് കെ ബാബു നടത്തിയ പ്രസ്താവനയെ ബാര്‍ ഉടമ ബിജു രമേശ് തള്ളി. എന്നാല്‍ ബിജു രമേശ് തന്നെ കണ്ടിരുന്നുവെന്ന് ശിവന്‍കുട്ടി എംഎല്‍എ പറഞ്ഞു.

ബാബു ആരോപിച്ച ഡിസംബര്‍ 15-ന് ശിവന്‍ കുട്ടിയുടെ വീട്ടില്‍ പോയിട്ടില്ല. എന്നാല്‍ കോടിയേരിയേയും മറ്റും നേരിട്ട് കാണുകയും അവരെ ബാര്‍ കോഴയുടെ വിശദാംശങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഴിമതിയെ കുറിച്ച് വ്യക്തമായി കോടിയേരിയോട് സംസാരിച്ചിട്ടുണ്ട്. എല്ലാ ബാര്‍ ഉടമകളും സത്യം തുറന്നു പറയുകയും ബാറുകള്‍ പൂട്ടാനുണ്ടായ സാഹചര്യം ജനമധ്യത്തില്‍ തുറന്നു കാണിക്കുകയും ചെയ്യണമെന്ന് കോടിയേരി പറഞ്ഞിരുന്നു.

ബാര്‍ ഉടമയായ പോളക്കുളം കൃഷ്ണദാസിന്റെ പി ആര്‍ ഒയാണ് ബാബുവെന്ന് കോടിയേരി പറഞ്ഞു. കൃഷ്ണദാസിന്റെ വാല്യക്കാരനാണ് ബാബു.

കേസില്‍ നിന്നും പിന്നോട്ടു പോകില്ലെന്നും സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നും ബിജു പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്തു പോകുന്ന കാലത്ത് കോഴ കേസില്‍പ്പെട്ട എല്ലാവരുടേയും പേരുകള്‍ പുറത്തു പറയുമെന്നും ബിജു പറഞ്ഞു.

ഒരു ബാര്‍ ഉടമയേയും കൂട്ടുപിടിച്ച് യുഡിഎഫ് സര്‍ക്കാരിനെ താഴെ ഇറക്കേണ്ട ആവശ്യം സിപിഐഎമ്മിന് ഇല്ലെന്ന് ശിവന്‍കുട്ടി എംഎല്‍എ പറഞ്ഞു. ഞങ്ങള്‍ മനസ്സുവച്ചില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ബിജു വീട്ടില്‍ വന്നിട്ടുണ്ട്. ബാര്‍ ഉടമകള്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ വന്ന് കണ്ടിരുന്നു. ഞാന്‍ എംഎല്‍എയാണ് പലരും വന്നു കാണാറുണ്ട്. ബാബു പറഞ്ഞ ദിവസം ആരൊക്കെ വന്നു കണ്ടുവെന്ന് ഓര്‍മ്മയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

ബാര്‍ ഉടമകളില്‍ നിന്ന് 10 കോടി രൂപ വാങ്ങിയിട്ടില്ലെന്ന് തെളിയിക്കുകയാണ് ബാബു വേണ്ടത്. അല്ലാതെ അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴിയെന്ന് പറയുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാര്‍ കോഴയുടെ ഉറവിടം ഉമ്മന്‍ചാണ്ടിയാണെന്നും ഇക്കാര്യം പുറത്തു വരാതിരിക്കുന്നതിനാണ് സിപിഐഎമ്മിനുമേല്‍ ആരോപണം ഉന്നയിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

This post was last modified on December 27, 2016 3:35 pm