X

ബാര്‍ കോഴക്കേസ്‌: സര്‍ക്കാരിന് തിരിച്ചടി, മാണിക്കെതിരെ തുടരന്വേഷണം

അഴിമുഖം പ്രതിനിധി

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ ബാര്‍ക്കോഴക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കി കൊണ്ട് വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി. മാണിക്കെതിരെ തുടരന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എസ് പി സുകേശന്‍ തന്നെ കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.  അന്തിമറിപ്പോര്‍ട്ട് കോടതി വിജിലന്‍സിന് മടക്കി നല്‍കുകയായിരുന്നു. മാണിക്കെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് എന്ന് കോടതി നിരീക്ഷിച്ചു. വിജിലന്‍സ് ഡയറക്ടറുടെ നടപടികള്‍ തെറ്റാണെന്ന് അഭിപ്രായപ്പെട്ട കോടതി അന്വേഷണത്തില്‍ ഇടപെടാന്‍ ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും പറഞ്ഞു.

ധനമന്ത്രിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ടിനെ തള്ളണമെന്നും കൊള്ളണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള വിവിധ ഹര്‍ജികളിലാണ് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ വിധിപറഞ്ഞത്. തുടരന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഒമ്പത് ഹര്‍ജികളം വസ്തുതാ റിപ്പോര്‍ട്ടിനെ അന്തിമ റിപ്പോര്‍ട്ടായി പരിഗണിക്കണമെന്ന ബിജു രമേശിന്റെ ഹര്‍ജികളും ആണ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. മാണി കോഴ ചോദിച്ചതിനോ വാങ്ങിയതിനോ തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ചിരുന്നത്.

This post was last modified on December 27, 2016 3:24 pm