X

സര്‍ക്കാരിന്റെ മദ്യനയത്തിന് ഹൈക്കോടതിയുടെ അംഗീകാരം; സംസ്ഥാനത്തിനി ഫൈവ്സ്റ്റാർ ബാറുകൾ മാത്രം

അഴിമുഖം പ്രതിനിധി

സംസ്ഥാന സർക്കാരിൻറെ മദ്യ നയം ഹൈക്കോടതി അംഗീകരിച്ചു. മദ്യ ഉപഭോഗം കുറയ്ക്കുക എന്ന സർക്കാരിൻറെ നയം ശരിയാണെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ സംസ്ഥാനത്ത് തുറന്നിരിക്കുന്ന 300 ബാറുകൾ ഇന്ന് പൂട്ടും. സർക്കാരിന്റെ മദ്യ നയത്തിൽ അപാകതയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ.ടി. ശങ്കരനും ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. സിംഗിള്‍ ബെഞ്ചിന്റെ വിധി റദ്ദാക്കിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ച് വിധി പുറപ്പെടുവിച്ചത്.

ടൂറിസം മാത്രമല്ല ജനങ്ങളുടെ ക്ഷേമവും സർക്കാരിന്റെ പരിഗണനാ വിഷയമാണെന്ന് കോടതി വ്യക്തമാക്കി. മദ്യ ഉപഭോഗത്തിൽ കേരളം മുന്നിലാണ് അതുകൊണ്ട് തന്നെ സർക്കാരിൻറെ മദ്യ നയം ശരിയാണെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ഭരണഘടനാപരമായി നയം രൂപീകരിക്കാൻ സർക്കാരിന് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

വിധിയോടെ സംസ്ഥാനത്ത് ഇനി ഫൈവ് സ്റ്റാര്‍ ബാറുകൾ മാത്രമാകും. ഇതോടെ കേരളത്തില്‍ ഇനി 24 ബാറുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. അതെസമയം ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത്കൊണ്ട് ബാറുടമകൾ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചു.

2015 മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ മദ്യനയത്തെ ചോദ്യം ചെയ്ത് കൊണ്ടാണ് ബാറുടമകള്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. ഫൈവ് സ്റ്റാര്‍ പദവിയുള്ളവയ്ക്ക് മാത്രം ബാറിന് അനുമതിക്ക് വ്യവസ്ഥ ചെയ്യുന്ന കേരള വിദേശമദ്യ ചട്ടത്തിലെ ഭേദഗതിയേയും ബാറുടമകള്‍ ചോദ്യം ചെയ്തിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് ഡിവിഷൻ ബഞ്ച് വിധി പ്രസ്താവിച്ചത്.  

This post was last modified on December 27, 2016 2:54 pm