X

കിനാനൂരില്‍ ബോക്‌സൈറ്റ് ഖനനത്തിനായി സ്വകാര്യ കമ്പനി വീണ്ടും; പ്രതിരോധവുമായി നാട്ടുകാരും

നാട്ടുകാരുടെ സമരം മൂലം പലതവണ മടങ്ങിപ്പോയ ആശപൂര എന്ന കമ്പനി വീണ്ടും കടലാടിപ്പാറയിലേക്ക് വരുന്നു

തലമുറ വ്യത്യാസമില്ലാതെ, കക്ഷിരാഷ്ട്രീയ ഭേതമന്യേ കഴിഞ്ഞ ദിവസം പൊതു തെളിവെടുപ്പ്‌ ഉപരോധത്തിന് കിനാനൂരില്‍ തടിച്ചുകൂടിയ പതിനഞ്ചായിരത്തിലധികം ജനങ്ങള്‍… അവര്‍ നീതി കിട്ടുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ്.

എന്ത് വിലകൊടുത്തും കടലാടിപ്പാറയെ തിരിച്ചു പിടിക്കണം. സ്വകാര്യ കുത്തകയ്ക്ക് നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ അങ്ങേയറ്റം വിമര്‍ശിക്കുകയും, പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യണം. പിറന്നുവീണ മണ്ണിനെ ബലികൊടുക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല… കാസറഗോഡ് ജില്ലയുടെ തെക്കേയറ്റത്ത് നീലേശ്വരത്തിനടുത്ത് സ്ഥിതിചെയ്യുന്ന കിനാനൂര്‍- കരിന്തളം പഞ്ചായത്തിലെ കിനാനൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 198 കടലാടിപ്പാറയില്‍ നിന്നാണ് ഈ ബഹളം.

രണ്ടായിരത്തിന്റെ തുടക്കം മുതല്‍ തന്നെ ഈ മണ്ണില്‍ അസ്വസ്ഥത ഉയരുന്നുണ്ട്. വിശാലമായ കടലാടിപ്പാറയില്‍ ഒളിഞ്ഞിരിക്കുന്ന ബോക്‌സൈറ്റ് ആശാപൂര എന്ന സ്വകാര്യ കമ്പനിയെ ഈ ഗ്രാമത്തിലേക്ക് ആകര്‍ഷിച്ചു. പൊന്നുംവില കൊടുത്ത് ഭൂമി വാങ്ങാനെത്തിയ കമ്പനിയെ പലതവണ ഇവിടുത്തുകാര്‍ ആട്ടിപ്പായിച്ചു. കിനാനൂരിലെ ഈ ജനകീയ സമരത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 2007ല്‍ 200 ഏക്കര്‍ ഭൂമി ലീസിനെടുത്ത ആശാപൂരയെ തുരത്തുന്നതിനായി ഇവിടുത്തുകാര്‍ കുടിലുകെട്ടി സമരമിരുന്നു. സായാഹ്ന ധര്‍ണകളും പൊതുജന സമരങ്ങളും നടന്നു.

2007 ഡിസംബര്‍ 16ന് ആരംഭിച്ച സമരം 36 ദിവസം നീണ്ടു നിന്നപ്പോള്‍ സ്ഥലം എം.പി പി. കരുണാകരന്‍, വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ മുന്‍കൈയെടുക്കുക വഴി സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കമ്പനി തിരിച്ചുപോയി. കാലങ്ങള്‍ക്ക് ശേഷം 2013ല്‍ കടലാടിപ്പാറ സ്വന്തമാക്കാനായി ആശാപൂര വീണ്ടും ഇവിടെയെത്തി. കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി സമ്പാദിച്ചുകൊണ്ടായിരുന്നു, ആ വരവ്. ഒരു പക്ഷേ ഭൂമി കമ്പനി കൊണ്ടുപോകുമായിരുന്നിട്ടും നാട്ടുകാരുടെ ശക്തിക്കു മുന്നില്‍ കമ്പനി വീണ്ടും കീഴടങ്ങി.

2013ല്‍ പാരിസ്ഥിതികാഘാത പഠനത്തിനും അതിനുള്ള ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കുന്നതിനുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കിയതോടെ ഇവിടെ രണ്ടാംഘട്ട സമരത്തിന് ആരംഭമായി. ഇതേ തുടര്‍ന്ന് 2016 ഫെബ്രുവരിയില്‍ പാരിസ്ഥിതികകാഘാത പഠനം നടത്തുന്നതിനായി സ്ഥലത്തെത്തിയ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍ക്കും ഉടന്‍ കരിന്തളം വിടേണ്ടിവന്നു. സമരത്തിന് പുത്തന്‍ അടവുകള്‍ ഇവിടുത്തുകാര്‍ പയറ്റി. കക്ഷി രാഷ്ട്രീയ ഭേദമന്യേ അവര്‍ ഒരുമിച്ചിറങ്ങി. സംസ്ഥാനത്തെ ഒരിക്കല്‍ക്കൂടി ഞെട്ടിച്ചുകളഞ്ഞ ഈ നാട്ടിലേക്ക് രാഷ്ട്രീയ പ്രതിനിധികളും മറ്റും സന്ദര്‍ശിച്ച് സാന്നിധ്യമറിയിച്ചു.

കമ്പനി ലീസിനെടുത്തിരിക്കുന്ന 200 ഏക്കര്‍ പരിധിയില്‍ 36ഓളം എസ്.സി- എസ്.ടി വീടുകളുള്ള കോളനി സ്ഥിതിചെയ്യുന്നുണ്ട്. കമ്പനി വരുമ്പോള്‍ ഈ വീട്ടുകാര്‍ ഒഴിഞ്ഞുപോയേ മതിയാകൂ. സ്ഥലത്ത് നിന്ന് ഏകദേശം നൂറ് മീറ്റര്‍ മാറി അംഗനവാടിയും അരക്കിലോമീറ്റര്‍ പരിധിയില്‍ രണ്ട് സര്‍ക്കാര്‍ യു.പി സ്‌കൂളുകളുമുണ്ട്. വേനല്‍ അടുക്കുമ്പോള്‍ തന്നെ വരള്‍ച്ചയെ നേരിടുന്ന ഒരു പ്രദേശത്ത് ബോക്സൈറ്റ് ഖനനം നടത്തിയാല്‍ കുടിനീര് പേരിന് പോലും ഇല്ലാതായിതീരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെ ഒഴുകുന്ന തേജസ്വിനിപ്പുഴയുടെ ഉത്ഭവസ്ഥാനം ഈ പാറയിലാണ്. വിവിധയിനത്തിലുള്ള ജീവജാലങ്ങളുടെ ആവാസഭൂമിയാണ് ഇവിടം. മുകളില്‍ നിന്ന് നോക്കുമ്പോള്‍ ആകാശവും കടലും ചേര്‍ന്ന നയന മനോഹരമായ കാഴ്ചയാണ് കടലാടിപ്പാറ സമ്മാനിക്കുക.

ഏഷ്യയില്‍ തന്നെ ഏറ്റവും മികച്ചതും വില കൂടിയതുമായ ലാറ്ററൈറ്റ്, ബോക്‌സൈറ്റ് ശേഖരമാണ് കടലാടിപ്പാറയിലുള്ളത്. ഈ വസ്തുത തന്നെയാണ് സ്വകാര്യകമ്പനിയെ വീണ്ടും ഇവിടെ തുടരാന്‍ അനുവദിക്കുന്നത്. നിലവില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി കമ്പനി നേടിയിട്ടില്ല. ഖനനം പുനരാരംഭിക്കാന്‍ റവന്യൂവിഭാഗം താത്പര്യമെടുക്കുന്നുവെന്ന ആരോപണം ശക്തമാണ്. സിപിഎം ഖനനത്തിനെതിരെ അതിശക്തമായി രംഗത്തുവരാന്‍ ഇതൊരു കാരണമാണ്. സര്‍ക്കാറിനും സിപിഎമ്മിനുമെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ചുകൊണ്ടിരിക്കുന്ന സിപിഐയെ അടിക്കാന്‍ കടലാടിപ്പാറ വിഷയവും സിപിഎം ആയുധമാക്കുന്നുണ്ട്.

ഇതിനിടെ ജനങ്ങള്‍ക്കിടയിലെ ഐക്യം തകര്‍ക്കാന്‍ കമ്പനിതന്നെ കിണഞ്ഞ് ശ്രമിക്കുന്നുവെന്ന് സമരസമിതി നേതാവ് ബാബു ചേമ്പേന പറയുന്നു. വില്ലേജ് പരിധിയിലെ വിവിധ ചുമരുകളിലായി കമ്പനി അനുകൂല പോസ്റ്ററുകള്‍ പതിച്ചുകാണുന്നത് ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുമെന്ന് അവര്‍ കരുതി. എന്നാല്‍ ഞങ്ങള്‍ അത് തിരിച്ചറിഞ്ഞു. ഇനി സര്‍ക്കില്‍ സമ്മര്‍ദ്ദം ചെലുത്തി എങ്ങനേയും കമ്പനിയെ നാടുകടത്തണം- അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് ഖനനത്തിന്റെ പാരിസ്ഥിതികാഘാത പഠനത്തിന്റെ ഭാഗമായി, ഹൈക്കോടതി വിധി പ്രകാരം കിനാനൂരില്‍ പൊതു തെളിവെടുപ്പിനായി എത്തിയ കളക്ടറും സംഘവും സര്‍വ്വകക്ഷി ജനകീയ സമിതി നടത്തിയ ഉപരോധത്തെ തുടര്‍ന്ന് തെളിവെടുക്കാതെ തിരിച്ചുപോയി. ജനവികാരം മാനിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടായിരിക്കും തയ്യാറാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് നടത്താന്‍ സാധിച്ചില്ല എന്ന റിപ്പോര്‍ട്ടായിരിക്കും കൈമാറുന്നത് എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മേഖലാ ചീഫ് എഞ്ചിനീയര്‍ എം.എസ് ഷീബ പറഞ്ഞു. തുടര്‍ന്ന് റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചുകൊടുക്കും.

ആശാപൂര കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കോടതി ഉത്തരവിറക്കിയ പൊതു തെളിവെടുപ്പ് മുടങ്ങിയതോടെ നാടിന്റെ മുഴുന്‍ ശ്രദ്ധയും കോടതിയിലേക്കാണ്. കളക്ടറും മലിനീകണ നിയന്ത്രണ ബോര്‍ഡും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചശേഷമാകും അന്തിമ വിധി ഉണ്ടാവുക. തലമുറ വ്യത്യാസമില്ലാതെ, കക്ഷിരാഷ്ട്രീയ ഭേദമന്യേ കഴിഞ്ഞ ദിവസം പൊതു വെളിവെടുപ്പ് ഉപരോധത്തിന് പതിനയ്യായിരത്തിലധികം ആളുകളാണ് തടിച്ചുകൂടിയത്.

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

This post was last modified on August 7, 2017 12:46 pm