X

സ്വത്ത് കിട്ടിയശേഷം മാതാപിതാക്കളെ കൈയൊഴിഞ്ഞ മകന്റെ ഭൂമി കളക്ടര്‍ പിടിച്ചെടുത്തു

മകന് ദാനാധാര പ്രകാരം നല്‍കിയ ഭൂമി തിരിച്ചെടുത്ത് മാതാപിതാക്കള്‍ക്ക് തന്നെ നല്‍കി

സ്വത്ത് കൈവശപ്പെടുത്തിയശേഷം മാതാപിതാക്കളെ സംരക്ഷിക്കാന്‍ തയ്യാറാകാതിരുന്ന മകന്റെ ഭൂമി ജില്ല കളക്ടര്‍ പിടിച്ചെടുത്തു. കാസറഗോഡാണ് സംഭവം. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണം ഉറപ്പ് വരുത്തുന്ന 2007 ലെ നിയമത്തിന്റെ 23 ആം വകുപ്പ് പ്രകാരമാണ് ജില്ല കളക്ടര്‍ ഭൂമി പിടിച്ചെടുത്തത്.

കാസറഗോഡ് പാലാവയല്‍ മലാങ്കടവില്‍ പനന്താനത്ത് കെ എം എബ്രഹാമിന്റെ 1.80 ഏക്കര്‍ ഭൂമിയാണ് പിടിച്ചെടുത്തത്. ഈ ഭൂമി എബ്രഹാമിന് മാതാപിതാക്കളായ അഗസ്തി കാരക്കാട്ടും ഏലിയാമ്മയും ദാനാധാര പ്രകാരം നല്‍കിയ ഭൂമിയാണ്. തങ്ങളുടെ സംരക്ഷണം മകന്‍ ഏറ്റെടുത്തുകൊള്ളാമെന്ന ഉറപ്പിലാണ് പാലവയല്‍ വില്ലേജിലുള്ള ഭൂമി കൈമാറുന്നത്. 2012 ല്‍ ആണ് ഭൂമി നല്‍കുന്നത്. എന്നാല്‍ സ്ഥലം രജിസ്റ്റര്‍ ചെയ്ത് കിട്ടിയതിനു പിന്നാലെ എബ്രാഹമിന്റെ നിലപാട് മാറുകയും മാതാപിതാക്കളെ സംരക്ഷിക്കാന്‍ കഴിയില്ലെന്നുമായി. തങ്ങളോട് വളരെ ക്രൂരമായാണ് മകന്‍ പെരുമാറുന്നതെന്നും വൃദ്ധരായ തങ്ങളെ മര്‍ദ്ദിക്കാറുണ്ടെന്നും കാണിച്ച് അഗസ്തിയും ഏലിയാമ്മയും പരാതി നല്‍കി.

കേസ് പിന്നീട് വിചാരണയ്ക്കു വന്നപ്പോള്‍ മാതാപിതാക്കളെ സംരക്ഷിച്ചുകൊള്ളാമെന്നു എബ്രാഹം പറഞ്ഞെങ്കിലും അഗസ്തിയും ഏലിയാമ്മയും അതു സമ്മതിച്ചില്ല. മകന് പതിച്ചു നല്‍കിയ ഭൂമി തങ്ങള്‍ക്ക് തിരികെ കിട്ടണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. ഇതേ തുടര്‍ന്നാണ് 1.80 ഏക്കര്‍ ഭൂമി തിരികെ പിടിച്ചു വാങ്ങി മാതാപിതാക്കള്‍ക്ക് നല്‍കിയത്.

മാതാപിതാക്കളുടെയും മുതിര്‍ന്ന പരൗരന്മാരുടെയും സംരക്ഷണ നിയമപ്രകാരം ദാനമായോ അല്ലാതെയോ അവരുടെ ഭൂസ്വത്തുക്കള്‍ കൈമാറുകയും അത് ലഭിച്ചയാള്‍ സംരക്ഷണം നല്‍കാതെയുമിരുന്നാല്‍ അത്തരം കൈമാറ്റങ്ങള്‍ക്ക് നിയമപ്രാബല്യം ഉണ്ടായിരിക്കില്ലെന്നാണ് കളക്ടര്‍ ഉത്തരവില്‍ പറയുന്നത്.

This post was last modified on May 14, 2019 11:55 am