X

മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി രൂപ കൈക്കൂലി നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കൈക്കൂലി നല്‍കിയെന്ന് സോളാര്‍ കേസില്‍ കുറ്റാരോപിതനായ ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. സോളാര്‍ അന്വേഷണ കമ്മീഷന് മുന്നിലാണ് ബിജു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അഞ്ചരക്കോടി രൂപ മുഖ്യമന്ത്രിക്ക് കൈക്കൂലി നല്‍കി. ഇതില്‍ അഞ്ച് കോടി പത്ത് ലക്ഷം രൂപ നേരിട്ട് നല്‍കുകയായിരുന്നു. ബാക്കി തുക കൈമാറിയത് ജിക്കുവും ജോപ്പനും വഴിയാണ്. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്നു സലിം രാജ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പണം കൈമാറിയത്. മൂന്ന് തവണയായി മുഴുവന്‍ പണവും കൈമാറി. കമ്പനിയുടെ ലാഭവിഹിതം 60: 40 എന്ന കണക്കില്‍ വീതിക്കാമെന്ന് ധാരണയുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെ ടീം സോളാറില്‍ പങ്കാളിയാക്കാമെന്നും ധാരണയുണ്ടായിരുന്നു. ഈ ധാരണയുണ്ടാക്കിയത് എറണാകുളം ഗസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചയിലാണ്.

മുഖ്യമന്ത്രിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ജിക്കുവിന്റേയും ജോപ്പന്റേയും ഫോണിലൂടെയാണ് സംസാരിച്ചിരുന്നത്. അറസ്റ്റിലായാലും ജാമ്യം ലഭിക്കാന്‍ സഹായിക്കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ശാലുമേനോനെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിലായ ശേഷം കോട്ടയം സ്വദേശിയെ മുഖ്യമന്ത്രി ദൂതനായി അയച്ചു. മൂന്ന് തവണ ഇയാള്‍ വന്ന് കണ്ടു. ശാലുവിനെ സംരക്ഷിക്കാമെന്ന് ഇയാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി വാക്ക് നല്‍കി. പാലക്കാട് കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കില്‍ 70 ഏക്കര്‍ ഭൂമി നല്‍കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. കാറ്റാടി പാടം ആരംഭിക്കാന്‍ 150 ഏക്കര്‍ ഭൂമി അനുവദിക്കാമെന്നും മുഖ്യമന്ത്ര വാഗ്ദാനം നല്‍കിയെന്നും ബിജു രമേശ് കമ്മീഷനില്‍ മൊഴി നല്‍കി.

This post was last modified on December 27, 2016 3:25 pm