X

ബിജു രമേശിന്റെ അനധികൃത നിര്‍മാണം പൊളിച്ചു നീക്കാമെന്നു ഹൈക്കോടതി

അഴിമുഖം പ്രതിനിധി

തിരുവനന്തപുരത്ത് ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ബാറിന്റെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാമെന്ന് ഹൈക്കോടതി. പ്രധാന കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായാണ് അനധികൃത നിര്‍മാണങ്ങള്‍ കണ്ടെത്തിയത്. നേരത്തെ ജില്ലാ ഭരണകൂടം എഡിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയെ തുടര്‍ന്ന് 15 ദിവസത്തിനുള്ളില്‍ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ഉത്തരവിട്ടിരുന്നു. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാനായി ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്ത ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായാണ് നടപടി.

കിഴക്കേക്കോട്ടയിലെ രാജധാനി ബില്‍ഡിംഗ്‌സ് തെക്കനംകര കനാല്‍ കൈയേറിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നു കെട്ടിടം പൊളിക്കാനുള്ള ജില്ലാ ഭരണകൂടം തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ബിജു രമേശ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അദ്ദേഹത്തെ കൂടി ഉള്‍പ്പെടുത്തി സംയുക്ത പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് റവന്യൂ സംഘം നടത്തിയ പരിശോധനയില്‍ ബിജു രമേശിനെ കൂടി ഉള്‍പ്പെടുത്തിയിരുന്നു.

അതേസമയം ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നു ബിജു രമേശ് പറഞ്ഞു. അഡ്വക്കേറ്റ് ജനറല്‍ കള്ളങ്ങള്‍ പറഞ്ഞാണ് തനിക്കെതിരെ കോടതിയില്‍ നിന്നും വിധി സമ്പാദിച്ചിരിക്കുന്നതെന്നും താന്‍ പുറമ്പോക്ക് ഭൂമിയില്‍ യാതൊരു നിര്‍മ്മാണങ്ങളും നടത്തിയിട്ടില്ലെന്നും, നിയമത്തിന്റെ പക്കല്‍ നിന്നും പൂര്‍ണമായ നീതി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

This post was last modified on December 27, 2016 3:58 pm