X

മകന്‍ എന്‍എസ്ജി കമാന്‍ഡോ; മകള്‍ ഐഎസിനൊപ്പമോ? ഒരമ്മയുടെ ദു:ഖം

അഴിമുഖം പ്രതിനിധി

രണ്ടു മക്കളില്‍ ഒരാള്‍ തീവ്രവാദികള്‍ക്കെതിരെ പോരാടുമ്പോള്‍ മറ്റൊരാള്‍ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നു പോരാടുന്നു എന്ന സങ്കടമാണ് തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി ബിന്ദു എന്ന വീട്ടമ്മയ്ക്ക്.

ബിന്ദുവിന്റെ മകന്‍ എന്‍എസ്ജി കാമാന്‍ഡോയാണ്. മകളാണ് കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ അംഗമായെന്നു സംശയിക്കപ്പെടുകയും ചെയ്യുന്ന നിമിഷ എന്ന ഫാത്തിമ. 

എന്റെ കണ്ണൂനിര്‍ വറ്റി. എനിക്കിപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ മാത്രമെ കഴിയൂ. ദൈവം സഹായിച്ച് അവള്‍ തിരിച്ചുവരും; നിമിഷയെക്കുറിച്ച് ഓര്‍ത്ത് ബിന്ദു പറയുന്നു. അടുത്തമാസം 24 വയസ് പൂര്‍ത്തിയാവുകയേയുള്ളൂ നിമിഷയ്ക്ക്. 

മാധ്യമങ്ങളോട് എനിക്കുള്ള അപേക്ഷ ഈ വാര്‍ത്തകളൊന്നും എന്റെ മകന്റെ ചെവിയില്‍ എത്തരുതേയെന്നാണ്. ആര്‍മിയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡില്‍ പ്രവര്‍ത്തിക്കുകയാണവന്‍. സൈന്യത്തിന്റെ ഭാഗമാകണമെന്ന് എന്നും ആഗ്രഹിച്ചിരുന്നൊരാളായിരുന്നു എന്റെ മകന്‍; ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തോടായി ബിന്ദു പറയുന്നു.

ചാനല്‍ പരിപാടികള്‍ ആസ്വദിക്കുകയും നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന എന്റെ മകള്‍ എങ്ങനെയാണ് പര്‍ദ്ദയ്ക്കുളിലേക്ക് മാറിയതെന്ന് എനിക്കറിയില്ല.

എന്റെ കുട്ടികള്‍ രണ്ടുപേരും ദൈവവിശ്വാസികളും രാജ്യസ്‌നേഹികളുമായിരുന്നു. മകന്‍ കുട്ടിക്കാലം മുതല്‍ സൈനികനാകാന്‍ ആഗ്രഹിച്ചിരുന്നു. മകള്‍ക്ക് വൈദ്യശാസ്ത്ര മേഖലയിലായിരുന്നു താത്പര്യം. എന്റെ മക്കളുടെ തീരുമാനത്തില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരായിരുന്നു; ബിന്ദു ഓര്‍മിക്കുന്നു.

കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നായി കാണാതായ 16 പേരില്‍പ്പെട്ടവരാണ് നിമിഷ (ഫാത്തിമ)യും ഭര്‍ത്താവ് ഈസയും. 

ജൂണ്‍ മൂന്നിനാണ് എനിക്ക് അവളുടെ അവസാന മെസേജ് വരുന്നത്. അവര്‍ ശ്രീലങ്കയിലേക്ക് തീര്‍ത്ഥാടനത്തിനായി പോവുകയാണെന്നു പറഞ്ഞു. ഞാനവളെ കഴിയുന്നതും തടയാന്‍ നോക്കി. പക്ഷെ പരാജയപ്പെട്ടു. ‘ഞാന്‍ ഉറങ്ങാന്‍ പോകുന്നു, അമ്മയ്ക്ക് ഉമ്മ’ എന്നതരത്തിലുള്ള ഒരു മെസേജ് ആണ് അവസാനമായി എന്റെ മകളെനിക്ക് അയച്ചത്. പിന്നീട് ഒരു വിവരവും കിട്ടിയില്ല. അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. 

കാസര്‍ഗോഡ് പൊയ്‌നാച്ചിയിലുള്ള സെഞ്ച്വറി ഡെന്റല്‍ കോളേജിലായിരുന്നു നിമിഷ പഠിച്ചിരുന്നത്. കഴിഞ്ഞ നവംബറില്‍ നിമിഷയുടെ ഫോണ്‍ വിളികള്‍ പെട്ടെന്നു നിന്നു. അങ്ങനെയാണ് അവള്‍ പഠിച്ചിരുന്ന സ്ഥാപനത്തിലേക്ക് ഞാന്‍ പോകുന്നത്. അവിടെയെത്തിയപ്പോഴാണ് എന്റെ മകളുടെ വിവാഹം കഴിഞ്ഞെന്നും അവള്‍ ഇസ്ലാം മതത്തിലേക്ക് മാറിയെന്നും അറിയുന്നത്. കോളേജില്‍ നടക്കുന്ന ഓരോ കാര്യങ്ങളും എന്നോടു പങ്കുവച്ചിരുന്ന കുട്ടിയാണ്. പക്ഷേ അവള്‍ ഇങ്ങനെയൊക്കെ ചെയ്‌തെന്നു കേട്ടപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നുപോയി- ബിന്ദു പറഞ്ഞു. 

ബെക്‌സിന്‍ വിന്‍സെന്റ് എന്ന മുപ്പതുകാരനായ എംബിഎക്കാരനെയാണു നിമിഷ വിവാഹം കഴിച്ചത്. ബെക്‌സിന്‍ പിന്നീട് മതം മാറി ഇസയായി, നിമിഷ ഫാത്തിമയും.

മകളെ കാണാനില്ലെന്നു കാണിച്ച് നല്‍കിയ ബിന്ദു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഫാത്തിമയേയും ഇസയെയും കോടതിയില്‍ ഹാജരാക്കിയെങ്കിലും പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് സ്വന്തമിഷ്ടപ്രകാരം വിവാഹം കഴിക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അവകാശമുണ്ടെന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

ഒരിക്കല്‍ അവളെന്നോട് ചോദിച്ചു, ഞാന്‍ ബുര്‍ഖ ധരിച്ചു വന്നാല്‍ സ്വീകരിക്കുമോയെന്ന്. എന്തുവേഷം ധരിച്ചാലും നീ എന്റെ മകള്‍ തന്നെയാണെന്നാണ് ഞാന്‍ പറഞ്ഞത്. കഴിഞ്ഞ മെയ് 16-നായിരുന്നു എന്റെ മകള്‍ അവസാനമായി എന്നെ കാണാന്‍ വീട്ടില്‍ വന്നത്; ബിന്ദു പറഞ്ഞു.

രണ്ടു തവണ വീട്ടില്‍ വന്നപ്പോഴും അവളില്‍ ഉണ്ടായ ചില മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ടെലവിഷന്‍ കാണുന്നതിനോട് അവള്‍ക്ക് വല്ലാത്ത അകല്‍ച്ചയുണ്ടായിരുന്നു. അവള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ കൃത്യമായി ഡോക്ടറെ കണ്ട് പരിശോധന നടത്തണമെന്ന് പറഞ്ഞു. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ വിശ്വസിക്കുന്നില്ലെന്നും അതിനി ഉപയോഗിക്കില്ലെന്നും ആകെ ഒരു തവണയെ ഡോക്ടറെ കാണാന്‍ പോയിട്ടുള്ളൂവെന്നുമാണ് മറുപടി പറഞ്ഞത്. സെപ്തംബറില്‍ എന്റെ മകള്‍ക്ക് കുട്ടി പിറക്കുമെന്നാണ് കരുതുന്നത്; ബിന്ദു പറഞ്ഞു.

This post was last modified on December 27, 2016 4:21 pm