X

ഒടുവില്‍ ബിജെപി സമ്മതിച്ചു; ഡല്‍ഹി ഭരിക്കാന്‍ സാധിക്കില്ല

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബിജെപി വിലയിരുത്തല്‍. പരമാവധി 34 സീറ്റുകള്‍ വരെ മാത്രമെ ലഭിക്കുകയുള്ളൂവെന്ന് പാര്‍ട്ടി സംസ്ഥാന ഘടകം തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. ഇതിനെ തുടര്‍ന്ന് അടയന്തിര പാര്‍ട്ടി അവലോകന യോഗം ബിജെപി ഡല്‍ഹിയില്‍ വിളിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്കു സാധിക്കുമെന്ന വിശ്വാസം നിലനില്‍ക്കുന്നുണ്ടെന്നാണ് ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ ചുമതല ഉണ്ടായിരുന്ന കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഇന്നലെ പുറത്തുവന്ന സര്‍വേഫലങ്ങള്‍ എല്ലാം ബിജെപിക്ക് പ്രതികൂലമായിട്ടുള്ളതായിരുന്നു. 70 അംഗം നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനാവിശ്യമായ 35 സീറ്റുകള്‍ക്കുമേല്‍ നേടി ആം ആദ്മി ഡല്‍ഹിയില്‍ അധികാരത്തില്‍ എത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചത്. ഇന്നലെ ഈ ഫലങ്ങളെ ബിജെപി തള്ളിക്കളഞ്ഞെങ്കിലും യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള പ്രസ്തവാനയാണ് ഇന്നു പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി അവതരിപ്പിച്ചത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും പ്രതികൂല നിലപാടുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് വിധി എന്തായാലും അതിന്റെ ഉത്തരവാദിത്വം തനിക്കുമാത്രമായിരിക്കുമെന്ന് കിരണ്‍ ബേദി പറഞ്ഞിരുന്നു.

This post was last modified on February 8, 2015 11:48 am