തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ രാഷ്ട്രീയ എതിരാളികളില്‍ വരേണ്യ സ്വഭാവം ആരോപിക്കാന്‍ പ്രധാനമന്ത്രി ഉപയോഗിച്ച വാക്കാണ് ഖാന്‍ മാര്‍ക്കറ്റ് സംഘമെന്നത്. ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റില്‍ എത്തുന്ന സാമ്പത്തികമായി ഉന്നത നിലയിലുള്ളവരുമായി രാഷ്ട്രീയ എതിരാളികളെ ബന്ധപ്പെടുത്താനായിരുന്നു പ്രധാനമന്ത്രിയുടെ ശ്രമം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ബിജെപിക്ക് ഏത് വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതലായി വോട്ടുചെയ്തത് എന്ന നോക്കിയാല്‍ അത് ഉന്നത വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
2014 നെ അപേക്ഷിച്ച് വോട്ട് ശതമാനവും സീറ്റുകളും വര്‍ധിച്ച ബിജെപിയ്ക്ക് ഇത്തവണ എല്ലാ സാമൂഹ്യ വര്‍ഗ വിഭാഗങ്ങളില്‍നിന്നുമുളള വോട്ടും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ പിന്തുണ ബിജെപിയ്ക്ക് ലഭിച്ചത് സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരില്‍നിന്നും സവര്‍ണ ജാതി വിഭാഗത്തില്‍നിന്നുമാണെന്നാണ് കണക്കാക്കുന്നത്.
അതുപോലെ ഗ്രാമീണ സമ്പദ് മേഖലയിലെ പ്രശ്‌നങ്ങളും ദളിത് വിരുദ്ധ ആക്രമണങ്ങളും ആ സാമൂഹ്യ വിഭാഗങ്ങളെ സ്വാധീനിച്ചില്ലെന്ന് മാത്രമല്ല, അവര്‍ കൂടുതലായി ബിജെപിയെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും പഠനത്തില്‍ പറയുന്നു.
സിഎസ്ഡിഎസ് ലോക്‌നീതി നാഷണല്‍ ഇലക്ഷന്‍ സ്റ്റഡീസ് പ്രകാരം ഉപരി മധ്യ വര്‍ഗത്തില്‍പ്പെട്ടവരില്‍ 48 ശതമാനവും വോട്ട് ചെയ്തത് ബിജെപിയ്ക്കാണ്. ബിജെപിയക്ക് ഏറ്റവും കൂടുതല്‍ വോട്ട് നേടി കൊടുത്ത വിഭാഗം ഇതാണ്. അതേസമയം ഗ്രാമീണ ജനങ്ങളില്‍ 37.6 ശതമാനവും അര്‍ധ നഗര സ്വഭാവമുള്ള മേഖലകളില്‍നിന്ന് 32.9 ശതമാനം പേരും ബിജെപിയ്ക്ക് വോട്ടു ചെയ്തുവെന്നുമാണ് സിഎസ്ഡിഎസ്സിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നത്.
സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ള ഉപരി മധ്യ വര്‍ഗത്തില്‍പെട്ട 44 ശതമാനം പേര്‍ ബിജെപിയ്ക്ക് വോട്ട് ചെയ്തുവെന്നാണ് കണക്കാക്കുന്നത്. അതേസമയം താഴ്ന്ന വിഭാഗത്തില്‍പ്പെട്ട വിഭാഗത്തില്‍നിന്ന് 36 ശതമാനം പേരുടെ വോട്ടാണ ബിജെപിയ്ക്ക് ലഭിച്ചതെന്നും പഠനത്തില്‍ വ്യക്തമാകുന്നു.
ഇത് മാത്രമല്ല, സവര്‍ണ ജാതിവിഭാഗത്തില്‍പ്പെട്ട 61 ശതമാനം പേരാണ് ബിജെപിയ്ക്ക് വോട്ട് ചെയ്തത്. 50 ശതമാനത്തിലധികം പേര്‍ ബിജെപിയ്ക്ക് വോട്ടുചെയ്ത മറ്റ് സാമൂഹ്യ വിഭാഗങ്ങളില്ല.
എന്നാല്‍ നിരവധി ദളിത് ആക്രമണ സംഭവങ്ങളുണ്ടായിട്ടും ഈ വിഭാഗത്തില്‍നിന്ന് കൂടുതല്‍ ആളുകള്‍ ബിജെപിയ്ക്ക് വോട്ടുചെയ്തതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 34 ശതമാനം ദളിതര്‍ വോട്ടെടുപ്പില്‍ ബിജെപിയെ പിന്തുണച്ചുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ഇത് 24 ശതമാനം മാത്രമായിരുന്നു. മുസ്ലീം സമൂദായത്തില്‍നിന്നുള്ള പിന്തുണ മാത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ വര്‍ധിപ്പിക്കാന്‍ കഴിയാതിരുന്നത്. എട്ട് ശതമാനം മുസ്ലീം വോട്ടര്‍മാരാണ് ബിജെപിയെ പിന്തുണച്ചത്.
ബിജെപിയെ പിന്തുണയ്ക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായെന്നാണ് സര്‍വെയില്‍ കണ്ടെത്തിയത്. 41 ശതമാനം യുവാക്കള്‍ ബിജെപിയെ പിന്തുണച്ചുവെന്നാണ് കണക്കാക്കുന്നത്.
Read More: സുധാകര്‍ റെഡ്ഡി ഒഴിയുന്നു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആദ്യമായി വനിതാ ജനറല്‍ സെക്രട്ടറി വരുമോ?
This post was last modified on June 5, 2019 2:48 pm
Leave a Comment