അഴിമുഖം പ്രതിനിധി
മുന്‍ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ നവജ്യോത് സിങ് സിദ്ദു രാജ്യസഭ അംഗത്വം രാജിവെച്ചു. അടുത്ത് നടക്കാന്‍ പോകുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കവേയാണ് സിദ്ദുവിന്റെ രാജി. കഴിഞ്ഞ ഏപ്രിലിലാണ് രാജ്യസഭ അംഗമായി സിദ്ദു ചുമതലയേറ്റത്. ബിജെപിയുടെ ഏറ്റവും പ്രമുഖനായ സിഖ് മുഖമാണ് സിദ്ദു.
പഞ്ചാബില്‍ എഎപിയുമായി ശക്തമായ മത്സരമാണ് ബിജെപിക്ക് നേരിടാനുള്ളത്. സിദ്ദുവിന്റെ രാജി പാര്‍ട്ടിയെ ബാധിക്കുമെന്നുറപ്പാണ്. സിദ്ദു ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായാല്‍ അതിനെ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ വ്യക്തതയുമില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പു മുതല്‍ തന്നെ സിദ്ദുവും പാര്‍ട്ടിയും അത്ര രസത്തലായിരുന്നില്ല. രണ്ട് വട്ടം താന്‍ പ്രതിനിധീകരിച്ച അമൃത്സര്‍ മണ്ഡലം അരുണ്‍ ജയറ്റ്‌ലിക്ക് നല്‍കിയതിലുള്ള അതൃപ്തി സിദ്ദു പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബിജെപി തരംഗത്തിനിടയിലും ജയ്റ്റലിക്കു തിരഞ്ഞെടുപ്പില്‍ വിജയിക്കാനായിരുന്നില്ല.
ഇടഞ്ഞു നിന്ന സിദ്ദുവിനെ പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അനുനയിപ്പിക്കാനുള്ള ഭാഗമായാണ് രാജ്യസഭയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത്. നിയമസഭ അംഗവും അകാലി ദള്‍ – ബിജെപി സര്‍ക്കാരിലെ പാര്‍ലമെന്ററി സെക്രട്ടറിയുമായ സിദ്ദുവിന്റെ ഭാര്യ നവജേതും ഉടന്‍ രാജിവെച്ചേക്കുമെന്നാണ് സൂചന.
ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് 2006ല്‍ സിദ്ദുവിന് രാജിവെക്കേണ്ടി വന്നിരുന്നു. 1998ല്‍ റോഡില്‍ വച്ച് നടന്ന തര്‍ക്കത്തിനൊടുവില്‍ ഒരാളെ കൊന്നുവെന്നായിരുന്നു കേസ്. എന്നാല്‍ സുപ്രീം കോടതി അദ്ദേഹത്തെ ശിക്ഷയില്‍ നിന്നും ഒഴിവാക്കുകയും തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും എംപിയായി വിജയിക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെ മറ്റു ചില കേസുകളിലും സിദ്ദു പ്രതിയായിട്ടുണ്ട്.
1983 മുതല്‍ 99 വരെ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന സിദ്ദു 51 ടെസ്റ്റ് മത്സരങ്ങളും 136 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
This post was last modified on December 27, 2016 4:20 pm
Leave a Comment