അഴിമുഖം പ്രതിനിധി
മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കി എഫ്ഐആര്‍. വെള്ളാപ്പള്ളി സമര്‍പ്പിച്ച ധനവിനിയോഗ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുണ്ട്. ഇത് കണ്ടെത്തിയിട്ടും പിന്നോക്ക വികസന കോര്‍പ്പറേഷന്‍ പണം അനുവദിക്കുകയായിരുന്നു റിപ്പോര്‍ട്ട് പറയുന്നു.
ഇല്ലാത്ത സംഘങ്ങള്‍ക്കാണ് പണം നല്‍കിയത് എന്ന് രേഖകള്‍ പറയുന്നു. തട്ടിപ്പിനായി ഉദ്യോഗസ്ഥ തലത്തില്‍ വന്‍ ഗൂഢാലോചന നടത്തിയതായും വിജിലന്‍സ് കണ്ടെത്തി. വെളളാപ്പളളി നേടേശനെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനൊപ്പം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തിരുന്നു. കേസില്‍ അഞ്ചു പ്രതികളാണുള്ളത്. ഡോ.എം.എന്‍ സോമന്‍, കെ.കെ മഹേഷ്, ദിലീപ്കുമാര്‍, നജീബ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രതികള്‍ക്കെതിരെ സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഗൂഢാലോചന, വ്യാജരേഖ, വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്കുപുറമേ അഴിമതി നിരോധനനിയമവും വെളളാപ്പളളിക്കെതിരെ ചുമത്തിയിരുന്നു.15 കോടിയോളം രൂപയുടെ തട്ടിപ്പുകേസാണു വെള്ളാപ്പള്ളി അഭിമുഖീകരിക്കുന്നത്.
പിന്നാക്ക വികസന കോര്‍പ്പറേഷനിലെ ഉന്നതരുടെ ഒത്താശയോടെ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അന്വേഷണമാരംഭിച്ചത്.
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
This post was last modified on December 27, 2016 4:20 pm
Leave a Comment