X

65,000 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തി: അരുണ്‍ ജെയ്റ്റ്‌ലി

അഴിമുഖം പ്രതിനിധി

കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം 65250 കോടി രൂപയുടെ വിവരങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത് എന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരം 64275 പേരാണ് കള്ളപ്പണത്തിന്റെ വിവരങ്ങള്‍ നല്‍കിയത്. ഇതുപ്രകാരം സര്‍ക്കാരിന് 30,000 കോടി രൂപ അധിക വരുമാനമായി ലഭിച്ചെന്നും അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്ക് 45 ശതമാനം നികുതി നല്‍കി നിയമ നടപടികളില്‍ നിന്നും ഒഴിവാകാമെന്നതായിരുന്നു കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി. ഇതിനുള്ള അവസാന സമയം ഇന്നലെ വരെ ആയിരുന്നു. കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസാന തീയതി കഴിഞ്ഞതോടെയാണ് വിവരങ്ങള്‍ ധനമന്ത്രി വെളിപ്പെടുത്തിയത്.

2016 ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ മുപ്പത് വരെയായിരുന്നു കള്ളപ്പണം വെളിപ്പെടുത്താനുള്ള സമയം സര്‍ക്കാര്‍ അനുവദിച്ചത്. പദ്ധതി കൂടുതല്‍ പേരെ ആകര്‍ഷിക്കാനായി വെളിപ്പെടുത്തുന്ന ആളുടെ വിവരങ്ങള്‍ പുറത്ത് വിടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ 2017 സെപ്റ്റംബറിനുള്ളില്‍ മൂന്ന് ഗഡുക്കളായിട്ട് നികുതി അടയ്ക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. 25 ശതമാനം വീതം നവംബറിനുള്ളിലും, 25 ശതമാനം മാര്‍ച്ച് 31-നുള്ളിലും ബാക്കി തുക 2017 സെപ്റ്റംബര്‍ 30 നുള്ളിലും ആദായ നികുതി വകുപ്പിലേക്ക് അടയ്ക്കാനായിരുന്നു അവസരം.

കള്ളപ്പണ വിവരങ്ങള്‍ വെളിപ്പെടുതാത്തവരില്‍ നിന്നും 56378 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ടെന്നും എച്ച് എസ് ബി സി കേന്ദ്രസര്‍ക്കാരിന് കൈമാറിയ കണക്ക് പ്രകാരം 8000 കോടി രൂപ ഇതുവരെ ലഭിച്ചതായും അരുണ്‍ ജെയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.

This post was last modified on December 27, 2016 2:26 pm