X

അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനം; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

അഫ്ഗാനിസ്ഥാനിലെ കാബൂളിലും ബദക്ഷനിലുമുണ്ടായ വ്യത്യസ്ത ബോംബ് സ്‌ഫോടനങ്ങളില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ രണ്ട് ഇന്ത്യക്കാരുമുള്‍പ്പെട്ടതായി ഔദ്യോഗിക തല സ്ഥിരീകരണം വന്നിട്ടുണ്ട്. ഡെറാഡൂണ്‍ സ്വദേശികളായ ഗണേഷ് ഥാപ, ഗോവിന്ദ് സിങ് എന്നിവരാണ് മരിച്ച ഇന്ത്യക്കാരെന്നു വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നു.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ നേപ്പാള്‍ സ്വദേശികളായ 14 പേരാണ് കൊല്ലപ്പെട്ടത് കാബൂളില്‍ സുരക്ഷാ ഉദ്യോഗസ്ഥരായ ഇവര്‍ സഞ്ചരിച്ച മിനിബസിനു സമീപം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അഫ്ഗാന്‍ സ്വദേശികളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഈ സ്‌ഫോടനം നടന്നു മണിക്കൂറുകള്‍ക്കകം വടക്കുകിഴക്കന്‍ പ്രവിശ്യയായ ബദക്ഷനിലെ വ്യാപാരസ്ഥലത്തു നിര്‍ത്തിവച്ചിരുന്ന മോട്ടോര്‍ബൈക്കില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് എട്ടു പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരുക്കേറ്റു.

കാബൂളിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. അതേസമയം, ബദക്ഷനിലെ വ്യാപാരസ്ഥലത്തുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്റെ എതിരാളികളായ ഇസ്‌ലാമിക് സ്‌റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള സംഘടന ഏറ്റെടുത്തു.

This post was last modified on December 27, 2016 4:17 pm