X

ബോസ് കൃഷ്ണമാചാരിക്കും റിയാസ് കോമുവിനും ഗുഡ്‌ഹോംസ് പുരസ്‌കാരം

പ്രശസ്ത കലാകാരന്മാരും  കൊച്ചി-മുസിരിസ്-ബിനാലെയുടെ ആദ്യ പതിപ്പിന്റെ ക്യുറേറ്റര്‍മാരുമായ ബോസ് കൃഷ്ണമാചാരിക്കും റിയാസ് കോമുവിനും കലയിലെ സമഗ്ര സംഭാവനയ്ക്കായുള്ള ഗുഡ്‌ഹോംസ്-2016 പുരസ്‌കാരം ലഭിച്ചു.

കലാരംഗത്തെ സുസ്ഥിര സമീപനത്തിനാണ്  ഡിസൈന്‍ രംഗത്തെ അവസാനവാക്കെന്നു വിശേഷിപ്പിക്കാവുന്ന ഈ പുരസ്‌കാരം നല്‍കുന്നത്. മുംബൈയില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും പുരസ്‌കാരം സമ്മാനിച്ചു. ഗുഡ്‌ഹോംസ് ഇന്ത്യ സംഘടിപ്പിക്കുന്ന വാര്‍ഷിക പുരസ്‌കാരത്തിന്റെ മൂന്നാമത്തെ പതിപ്പാണ് നടന്നത്. രൂപകല്‍പ്പന, അലങ്കാര രംഗങ്ങളിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനാണ് അവാര്‍ഡ്.

ലോകോത്തര കലാകാരന്‍മാരെ ആകര്‍ഷിക്കുകയും ലോക കലാഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കുയും ചെയ്ത  ഇന്ത്യയിലെ പ്രഥമ ബിനാലെയുടെ സംഘാടകരായിരുന്നു ഇരുവരും. കലാ, സാംസ്‌കാരിക ഇടപെടലുകളുടെ പ്രാധാന്യം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനാണ് കൊച്ചി മുസിരിസ് ബിനാലെ പ്രാമുഖ്യം നല്‍കുന്നത്.

പുരസ്‌കാരലബ്ധി തങ്ങള്‍ക്കു മാത്രമല്ല, എല്ലാ സഹപ്രവര്‍ത്തകര്‍ക്കും കൊച്ചി ബിനാലെ ആവേശത്തോടെ സ്വീകരിച്ച പൊതുസമൂഹത്തിനും ഇതിന്റെ ഓരോ പതിപ്പിലും വിജയശോഭ വര്‍ദ്ധിപ്പിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാ മുള്ള അംഗീകാരമാണെന്ന് ബോസ് പറഞ്ഞു.

കലാപരമായ സംവാദങ്ങള്‍ക്ക് അവസരം നല്‍കുന്നതിനും ഇന്ത്യയിലെ കലയെ പ്രോത്സാഹിപ്പിക്കുന്നതിനും കൊച്ചി ബിനാലെ സുസ്ഥിരമായ ഒരു വേദി ആണെന്ന് റിയാസ് കോമു ചൂണ്ടിക്കാട്ടി.

ചിത്രരചന, പെയ്ന്റിംഗ്, ശില്‍പ്പകല, ഫോട്ടോഗ്രാഫി, ഡിസൈന്‍, ഇന്‍സ്റ്റലേഷന്‍, ആര്‍ക്കിടെക്ചര്‍ എന്നിവയാണ് ബോസിന്റെ പ്രവര്‍ത്തന മേഖലകള്‍.  ഇന്ത്യയിലെ സമകാലീന കലയ്ക്ക് ദിശാബോധം നല്‍കുന്നതില്‍  അദ്ദേഹത്തിന്റെ സൃഷ്ടികള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നിരവധി പ്രമുഖ സോളോ, ഗ്രൂപ്പ് എക്‌സിബിഷനുകളില്‍ പങ്കെടുക്കുകയും ക്യുറേറ്റര്‍ എന്ന നിലയില്‍ വിവിധ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ കലാരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന റിയാസ് കോമു മള്‍ട്ടീമീഡിയ ആര്‍ട്ടിസ്റ്റും പ്രവര്‍ത്തകനുമാണ്. കേരളത്തിന്റെ രാഷ്ട്രീയ-കലാ ചരിത്രം വിവരിക്കുന്നവ  ഉള്‍പ്പെടെ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഇന്ത്യയിലും വിദേശത്തും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

This post was last modified on December 27, 2016 3:59 pm