X

മുംബൈയില്‍ പാലം തകര്‍ന്നു

അഴിമുഖം പ്രതിനിധി

മുംബൈ ഗോവ ദേശീയ പാതയില്‍ മഹദിനു സമീപം പാലം തകര്‍ന്നതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. എത്ര പേര്‍ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നോ എത്ര വാഹനങ്ങള്‍ ഉണ്ടായിരുന്നുവെന്നോ അറിവായിട്ടില്ല. ഇവിടെ ഗതാഗതം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

ജില്ല കളക്ടര്‍, പൊലീസ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവ സ്ഥലത്തുണ്ട്. ഗതാഗതം എത്രയും വേഗം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും 80 ശതമാനത്തോളം പാലവും തര്‍ന്നിട്ടുണ്ടെന്നും ഡെപ്യൂട്ടി സൂപ്രണ്ട് പ്രാഞ്ചലി സോനാവേന്‍ പറഞ്ഞു.

ഇതുവരെയും എത്ര പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് അറിവായിട്ടില്ലെന്നും രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് താമസം നേരിടുന്നുണ്ടെന്നുമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവാസ് ട്വിറ്ററിലൂടെ അറിയിച്ചത്. ദേശീയ പാതയിലെ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. തകര്‍ന്ന പാലത്തിനു സമാന്തരമായി മറ്റൊരു പാലത്തിന്റയും പണി പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ അതുവഴി ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുകയാണ്.

ശക്തമായ മഴ കാരണം സാവിത്രി നദിയില്‍ നിന്നുള്ള വെള്ളപ്പൊക്കമാണ് പാലം തകര്‍ന്നതിന്റെ കാരണമായി പറയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് പണി കഴിപ്പിച്ചതാണ് തകര്‍ന്ന പാലം.

This post was last modified on December 27, 2016 4:31 pm