X

ബി.എസ്.എന്‍.എല്‍. സൗജന്യപദ്ധതി ഇന്നുമുതല്‍

അഴിമുഖം പ്രതിനിധി 

ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈന്‍ പ്രഖ്യാപിച്ച പരിധിയില്ലാത്ത സൗജന്യകോള്‍ സൗകര്യത്തിന് വെള്ളിയാഴ്ച രാത്രി ഒമ്പതിന് തുടക്കമാകും. പദ്ധതിപ്രകാരം രാത്രി ഒമ്പതുമുതല്‍ പിറ്റേന്ന് രാവിലെ ഏഴുവരെ രാജ്യത്തെവിടെയും ഏത് ലാന്‍ഡ് ലൈനിലേക്കും മൊബൈല്‍ നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ സൗജന്യമായി വിളിക്കാം.

അതിനുപുറമെ ഗ്രാമീണമേഖലയില്‍ 545 രൂപയുടെയും നഗരമേഖലയില്‍ 645 രൂപയുടെയും പ്ലാന്‍ എടുത്താല്‍ ബി.എസ്.എന്‍.എല്ലില്‍നിന്ന് ബി.എസ്.എന്‍.എല്ലിലേക്ക് (ലാന്‍ഡ് ലൈന്‍) ദിവസം മുഴുവന്‍ സൗജന്യമായി പരിധിയില്ലാതെ വിളിക്കാനും പറ്റും.

നിലവില്‍ ഗ്രാമീണമേഖലയില്‍ 120 രൂപയുള്ള മാസവാട 140 ആക്കിയും നഗരമേഖലയില്‍ 195 എന്നത് 220 ആക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം ഈ തുകയ്ക്കു കണക്കായ ഫ്രീ കോളുകള്‍ പകല്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. പുതുതായി ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ്, കോംബോ കണക്ഷന്‍ എടുക്കുന്നവര്‍ക്കും സൗജന്യം ലഭിക്കും.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്താല്‍ രണ്ടരലക്ഷത്തിലേറെ ലാന്‍ഡ് ലൈന്‍ ഫോണുകള്‍ ഉപഭോക്താക്കള്‍ ഉപേക്ഷിച്ച സാഹചര്യത്തിലാണ് പുതിയ ആനുകൂല്യം. മൊബൈല്‍ഫോണ്‍ നിരക്ക് ഇനിയും കുറയുമെന്ന പ്രതീക്ഷയും ഗൂഗിള്‍, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സംവിധാനങ്ങള്‍വഴി സൗജന്യ വീഡിയോ കോള്‍ ഉള്‍െപ്പടെ വിളിക്കാനുള്ള സൗകര്യവും വന്നതോടെയാണ് ബി.എസ്.എന്‍.എല്‍. മെഗാ ഓഫറുമായി രംഗത്തെത്തിയത്.

സൗജന്യ പദ്ധതിയെക്കുറിച്ച് വാര്‍ത്തകള്‍ വന്നതോടെ ലാന്‍ഡ് ഫോണ്‍ ഉപേക്ഷിക്കുന്ന പ്രവണത കുത്തനെ കുറഞ്ഞതായി ബി.എസ്.എന്‍.എല്‍. അധികൃതര്‍ പറയുന്നു. മാത്രമല്ല, ഉപേക്ഷിച്ചവ പുനഃസ്ഥാപിക്കാനുള്ള അപേക്ഷകള്‍ കൂടിയതായും അധികൃതര്‍ പറയുന്നു.

This post was last modified on December 27, 2016 2:57 pm