X

ജിഡിപി 7.6 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്ന്‌ സാമ്പത്തിക സര്‍വേ

അഴിമുഖം പ്രതിനിധി

2015-16 വര്‍ഷത്തിലേക്കുള്ള സാമ്പത്തിക സര്‍വേ കേന്ദ്ര ധനകാര്യമന്ത്രി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. അടുത്ത സാമ്പത്തിക വര്‍ഷം 7.6 ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തുമെന്ന് സാമ്പത്തിക സര്‍വേ പ്രവചിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജിഡിപി എട്ടു ശതമാനം വളരുമെന്ന പ്രതീക്ഷയും സര്‍വേ പങ്കുവയ്ക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ച 10 ശതമാനം വരെ ആകാനുള്ള സാധ്യതയുമുണ്ട്.

ആഗോള വിപണി പ്രശ്‌നഭരിതമാണെങ്കിലും ഇന്ത്യ സ്ഥിരത പുലര്‍ത്തുന്നു. ആഗോള ചോദനം ദുര്‍ബലമാണെന്നും സര്‍വേ വിലയിരുത്തുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ധനകമ്മി ലക്ഷ്യം കൈവരിക്കും. ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള വ്യാപാര കമ്മി 106.8 ബില്ല്യണ്‍ ആയിരുന്നു.

പണപ്പെരുപ്പത്തില്‍ ഏഴാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ കുറഞ്ഞ പ്രഭാവമേ ചുമത്തിയുള്ളൂവെന്ന് സര്‍വേ വിലയിരുത്തുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സബ്‌സിഡി ബില്‍ ജിഡിപിയുടെ രണ്ട് ശതമാനത്തിനു താഴെയാകും. നിലവിലെ ആര്‍ബിഐ ധനനയം നിക്ഷ്പക്ഷമാണെന്നും ഇന്ത്യ ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടി വരുമെന്നും സര്‍വേ പറയുന്നു.

നികുതി ഇളവുകള്‍ ഇല്ലാതാക്കണമെന്നും സര്‍വേ നിര്‍ദ്ദേശിക്കുന്നുണ്ട്. റിയല്‍റ്റി മേഖലയെ നിയന്ത്രിക്കുന്നതിന് ഉയര്‍ന്ന വസ്തു നികുതി ഏര്‍പ്പെടുത്തണം. ഏഷ്യയില്‍ ഇന്ത്യ വലിയൊരു കറന്‍സി പുനക്രമീകരണത്തിന് തയ്യാറാകണം എന്നും സര്‍വേ പറയുന്നു.

രാസ വള സബ്‌സിഡി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും സര്‍വേ നിര്‍ദ്ദേശിക്കുന്നുണ്ട്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് പൊതുമേഖല സ്ഥാപനങ്ങളിലേക്ക് 70,000 കോടി രൂപയുടെ നിക്ഷേപം നടത്തണമെന്നും പൊതുമേഖല ബാങ്കുകള്‍ക്ക് 1.8 ലക്ഷം കോടിയുടെ മൂലധനം 2019 സാമ്പത്തിക വര്‍ഷത്തോടെ ആവശ്യമായി വരുമെന്നും സര്‍വേയിലുണ്ട്.

രാജ്യത്തിന്റെ കഴിഞ്ഞ 12 മാസത്തെ സാമ്പത്തിക വികസനത്തെ കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടാണ് സാമ്പത്തിക സര്‍വേ. ഇത് സ്ഥൂല സാമ്പത്തിക വസ്തുതകളെ കുറിച്ചുള്ള വിശാലമായ കാഴ്ച്ചപ്പാട് നല്‍കും. കൂടാതെ ഇതിന്റെ പ്രഭാവം ബജറ്റ് തീരുമാനങ്ങളിലും ഉണ്ടാകും.

This post was last modified on December 27, 2016 3:49 pm