X

ബുലന്ദ്ശഹര്‍ കൂട്ടബലാത്സംഗം; അസം ഖാനെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടി സുപ്രീം കോടതിയില്‍

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ 14 കാരിയായ പെണ്‍കുട്ടി സംസ്ഥാന മന്ത്രി അസം ഖാനെതിരെ സുപ്രിം കോടതിയെ സമീപിക്കുന്നു. അപമാനകരമായ പ്രസ്താവന നടത്തിയ മന്ത്രിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണു പെണ്‍കുട്ടി സുപ്രിം കോടതിയെ സമീപിക്കുന്നത്.

ജൂലൈ ഒമ്പതിനു നോയിഡയില്‍ നിന്ന് ഷാജഹാന്‍പുരിലേക്ക് പോകുകയായിരുന്ന ആറംഗ കുടുംബത്തെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കുകയും അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ഡല്‍ഹി-കാണ്‍പുര്‍ ദേശീയ പാത 91 ല്‍ ബുലന്ദ്ശഹറിലെ ദോസ്ത്പുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അര്‍ധരാത്രി കാറില്‍ സഞ്ചരിക്കുയായിരുന്ന സംഘത്തെ റോഡില്‍ തടസമുണ്ടാക്കി നിര്‍ത്തിപ്പിക്കുകയും പുരുഷന്‍മാരെ കെട്ടിയിട്ട് മര്‍ദിച്ച ശേഷം അമ്മയെയും 14 കാരിയായ മകളെയും വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.

എന്നാല്‍ ഈ സംഭവം വലിയ വാര്‍ത്തയായതോടെ പീഡനത്തിനിരയായ കുടുംബത്തെ സന്ദര്‍ശിച്ച അസം ഖാന്‍ തുടര്‍ന്നു നടത്തിയ പ്രസ്താവന; പീഡന വാര്‍ത്ത സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണെന്നും ഇതില്‍ അന്വേഷണം വേണമെന്നുമായിരുന്നു. ‘വോട്ടിന് വേണ്ടി ഏതറ്റം വരെ പോകാനും ചിലര്‍ക്ക് മടിയില്ല. മുസഫര്‍ നഗര്‍, കൈരാന സംഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അധികാരത്തിന് വേണ്ടി രാഷ്ട്രീയക്കാര്‍ ജനങ്ങളെ കൊല്ലുന്നു, കലാപങ്ങള്‍ സൃഷ്ടിക്കുന്നു, നിരപരാധികളെ കൊല്ലുന്നു.. അതിനാല്‍ സത്യം കണ്ടുപിടിക്കേണ്ടതുണ്ട്’; ഇതായിരുന്നു അസംഖാന്റെ വാക്കുകള്‍. അസം ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധം തന്നെ ഉയര്‍ന്നിരുന്നു.

തങ്ങള്‍ക്കുണ്ടായ ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും തങ്ങളെ കാണാന്‍ രാഷ്ട്രീയക്കാര്‍ വരരുതെന്നും തങ്ങള്‍ക്ക് നീതിയാണ് വേണ്ടതെന്നും പീഡനത്തിരയായ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

This post was last modified on December 27, 2016 2:39 pm