X

ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും പഴയ നോട്ടുകള്‍ മാറ്റുവാന്‍ ജൂലൈ 20 വരെ സമയം

ജില്ലാ സഹകരണ ബാങ്കുകള്‍ക്കും ജൂലൈ 20 വരെ റിസര്‍വ് ബാങ്കില്‍ പഴയ നോട്ടുകള്‍ തിരികെ നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്

ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ശേഖരിച്ചിട്ടുള്ള പഴയ 500, 1000 രൂപ നോട്ടുകള്‍ മാറ്റുവാന്‍ ജൂലൈ 20 വരെ റിസര്‍വ് ബാങ്ക് സമയം നല്‍കി. ജില്ലാ സഹകരണ ബാങ്കുകള്‍ക്കും ജൂലൈ 20 വരെ റിസര്‍വ് ബാങ്കില്‍ പഴയ നോട്ടുകള്‍ തിരികെ നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 2016 നവംബര്‍ എട്ടിന്റെ നോട്ടു റദ്ദാക്കലിനു ശേഷം വാണിജ്യ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും ഡിസംബര്‍ 30 വരെയും ജില്ലാ, സെന്‍ട്രല്‍ സഹകരണ ബാങ്കുകളില്‍ നവംബര്‍ 14 വരെയും ഇടപാടുകാര്‍ നിക്ഷേപിച്ച പഴയനോട്ടുകള്‍ മാറ്റുന്നതിനുള്ള അവസാന അവസരമാണിത്.

നോട്ടുകള്‍ ഇതുവരെ എന്തുകൊണ്ടു മാറിയില്ല എന്നതിന് വ്യക്തമായ കാരണം നല്‍കി വേണം പഴയ നോട്ടുകള്‍ റിസര്‍വ് ബാങ്കിനെ തിരികെ ഏല്‍പ്പിക്കാന്‍ ധനമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത. വിശദീകരണം റിസര്‍വ് ബാങ്കിന് സ്വീകാര്യമായെങ്കില്‍ മാത്രമെ നോട്ടുകള്‍ മാറി നല്‍കുകയുള്ളൂ. പഴയ നോട്ടുകളുടേതിനു തുല്യമായ തുക അക്കൗണ്ടിലേക്കാണ് ആര്‍ബിഐ നല്‍കുക. പകരം കറന്‍സി ലഭിക്കില്ല.

റിസര്‍വ് ബാങ്കിന്റെ എല്ലാ ഓഫീസികളിലും നോട്ടുകള്‍ മാറാനുള്ള സൗകര്യമുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നിരോധിച്ച നോട്ടുകളൊന്നും ബാക്കിയില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച കാലയളവിനുള്ളില്‍ തന്നെ പഴയ നോട്ടുകള്‍ മാറിയിരുന്നുവെന്നും സഹകരണ രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്.

This post was last modified on June 22, 2017 12:45 pm