X

കേരളം വിടുമെന്ന് ഭീഷണി മുഴക്കിയ സുഗന്ധവ്യഞ്ജന ഭീമന്‍ സിന്തൈറ്റിനെതിരെ മുഖ്യമന്ത്രി; തൊഴിലാളികളോട് പകപോക്കുന്നു

എറണാകുളത്തെ കൊലഞ്ചേരിയില്‍ ആരംഭിച്ച കമ്പനിയായ സിന്തൈറ്റ് ഇന്ന് 2500 തൊഴിലാളികളും 1800 കോടി ആസ്തിയുമുള്ള കമ്പനിയാണ്

സുഗന്ധ വ്യഞ്ജന ഭീമന്‍ സിന്തൈറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചതിലുള്ള മാനേജ്മെന്റിന്റെ എതിര്‍പ്പും പകപോക്കലുമാണ് പ്രശ്നങ്ങളുടെ അടിസ്ഥാനമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തി വരികയാണ്.

കഴിഞ്ഞ ഡിസംബറില്‍ സിഐടിയു കമ്പനിയില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തൊഴിലാളികളെ സ്ഥലം മാറ്റാനുള്ള കമ്പനിയുടെ നീക്കത്തിനെതിരെയാണ് തൊഴിലാളികള്‍ രംഗത്ത് വന്നത്.

തൊഴിലാളികളുടെ സമരം പ്രവര്‍ത്തനത്തെ ബാധിച്ചതായും പുതിയ പ്രവണത തങ്ങള്‍ക്ക് സംസ്ഥാനത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നും സിന്തൈറ്റ് ഇന്‍ഡസ്ട്രീറ്റ് മാനേജിങ്ങ് ഡയറക്ടര്‍ വിജു ജേക്കബ് പറഞ്ഞിരുന്നു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് ഉയര്‍ന്നില്ലെന്ന് പറഞ്ഞ വിജു ജേക്കബ് കേരളം വിടുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും പറഞ്ഞതായി ഏപ്രിലില്‍ ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ തൊഴിലാളികള്‍ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കിയിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് നല്‍കിയ ഉറപ്പുകള്‍ പിന്നീട് ലംഘിക്കപ്പെടുകയായിരുന്നു എന്നു വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ നിയമസഭയില്‍ പറഞ്ഞു. വീണ്ടും സമരം ആരംഭിക്കാന്‍ കാരണം ഇതാണെന്നും മന്ത്രി വ്യക്തമാക്കി.

ജീവനക്കാരുടെ വേതനം 240 രൂപയില്‍ നിന്നും 315 രൂപയിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയന്‍ ഇടപെട്ട് കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നു എന്നും ഇതിന് നേതൃത്വം നല്‍കിയ ഏഴുപേരെ പ്രതികാര നടപടിയെന്നോണം സ്ഥലം സ്ഥലം മാറ്റിയെന്നും സിഐടിയു ആരോപിക്കുന്നു.

1972ല്‍ 10 തൊഴിലാളികളും 5 ലക്ഷം രൂപ മുതല്‍ മുടക്കിലും ഇപ്പോഴത്തെ എംഡി വിജു ജേക്കബിന്റെ പിതാവ് സി വി ജേക്കബ് എറണാകുളത്തെ കൊലഞ്ചേരിയില്‍ ആരംഭിച്ച കമ്പനിയായ സിന്തൈറ്റ് ഇന്ന് 2500 തൊഴിലാളികളും 1800 കോടി ആസ്തിയുമുള്ള കമ്പനിയാണ്. ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ 50 ശതമാനവും സിന്തെറ്റിന് കീഴിലാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഇടതു തൊഴിലാളി സമരം; കേരളം വിടാനൊരുങ്ങി സുഗന്ധവ്യഞ്ജന ഭീമന്‍ സിന്തൈറ്റ്

വ്യവസായികളെ ജനങ്ങൾ ബഹുമാനിക്കുന്നില്ലെന്നു ബീന കണ്ണൻ; കയ്യിലിരിപ്പു കൊണ്ടായിരിക്കും എന്ന് പിണറായി

This post was last modified on June 11, 2018 1:21 pm