X

മന്ത്രിസഭ തീരുമാനങ്ങള്‍ക്കും വിവരാവകാശനിയമം ബാധകം

അഴിമുഖം പ്രതിനിധി

ഇനി മുതല്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശനിയമം വഴി ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നു മുഖ്യ വിവരാവകാശ കമ്മിഷണര്‍ ഉത്തരിവിറക്കി. കഴിഞ്ഞ മൂന്ന് മാസത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ പത്ത് ദിവസത്തിനകം കമ്മിഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്തെടുത്ത മന്ത്രിസഭാ തീരുമാനങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ: ഡി കെ ബിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നെങ്കിലും അന്ന് അപേക്ഷ നിരസിക്കുകയായിരുന്നു. പിന്നീട് പിണറായി വിജയന്‍ മന്ത്രിസഭയും അതേ അപേക്ഷ നിരസിച്ചു. ഇതോടെയാണ് വിവരാവകാശ കമ്മിഷനു പരാതി നല്‍കിയത്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത് കൂടാതെ മന്തിസഭ തീരുമാനങ്ങള്‍ പറ്റുമെങ്കില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം പോളിന്റെതാണ് ഉത്തരവ്. 

ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് അവസാന മൂന്നു മാസം മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങള്‍ അതീവ രഹസ്യ സ്വഭാവമുള്ള രേഖകളാണ് എന്ന കാരണം പറഞ്ഞാണ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷ തള്ളിയത്.

‘സര്‍ക്കാരുകള്‍ മാറുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥന്മാര്‍ മാറുന്നില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയും വാശിയുമാണ് പലപ്പോഴും വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ കാരണമാകുന്നത്. വിഅരാവകാശ നിയമത്തിലെ സെക്ഷന്‍ 8(1)ക പ്രകാരം ക്യാബിനറ്റില്‍ തീരുമാനം എടുത്തുകഴിഞ്ഞാല്‍ അത് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ നല്‍കണം എന്നാണ് നിയമം. ഗവണ്‍മെന്റ് എന്നു പറയുന്നത് ബ്യൂറോക്രസി തന്നെയാണ്. അവരാണ് അപേക്ഷകള്‍ തള്ളുന്നത്. എന്തൊക്കെ വിവരങ്ങള്‍ നല്‍കണം എന്തൊക്കെ നല്‍കേണ്ടതില്ല എന്ന് തീരുമാനിക്കുന്നതും അവരാണ്. അതുകൊണ്ടാണ് കമ്മിഷനെ സമീപിച്ചത്. എന്തായാലും ഇപ്പോഴുള്ള ഉത്തരവ് വലിയ മാറ്റങ്ങള്‍ക്കു കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.’ അഡ്വക്കേറ്റ് ഡി ബി ബിനു അഴിമുഖത്തോട് പ്രതികരിച്ചു.

 

This post was last modified on December 27, 2016 4:17 pm