X

സര്‍ക്കാര്‍ ചെലവില്‍ സലഫി പഠനം: കാലിക്കറ്റ് സര്‍വകലാശാലയിലെ വിവാദ സലഫി പുസ്തകം വീണ്ടും

അഴിമുഖം പ്രതിനിധി

അസഹിഷ്ണുതാ പരാമര്‍ശങ്ങള്‍ നിറഞ്ഞ കാലിക്കറ്റ് സര്‍വകലാശാലയിലെ ബി.എ അഫ്സലുല്‍ ഉലമ പാഠപുസ്തകം വിവാദമാകുന്നു. ‘കിത്താബുത്തൗഹീദ്’ എന്ന പുസ്തകമാണ് വിവാദമായിരിക്കുന്നത്. ഡൂള്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സലഫികളല്ലാത്തവരെല്ലാം മുശ്രിക്കുകളാണെന്നും (ദൈവത്തില്‍ പങ്കു ചേര്‍ക്കുന്നവര്‍) ജാറം (ഖബര്‍) സന്ദര്‍ശിക്കുന്നവരെ കൊല്ലാന്‍ പ്രവാചകന്‍ അനുവദിച്ചിട്ടുണ്ട് എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് പുസ്തകത്തിലുള്ളത്. സൗദിയിലെ സലഫി പണ്ഡിതനായ മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉസൈമീന്റെ പുസ്തകം സംഗ്രഹിച്ചിരിക്കുന്നത് സലഫി പണ്ഡിതനായ കോയക്കുട്ടി ഫാറൂഖിയാണ്.

പുസ്തകത്തിലെ വിവാദപരാമര്‍ശങ്ങള്‍ ഇങ്ങനെ:

അള്ളാഹുവില്‍ വിശ്വസിച്ച് കൊണ്ട് തന്നെ മരണപ്പെട്ടവരെ മറവുചെയ്യപ്പെട്ട സ്ഥലത്ത് (ഖബറിന് സമീപം) പോയി ആരാധനാ മനോഭാവാത്തോടെ അവരെ സമീപിക്കുകയും നേര്‍ച്ച സമര്‍പ്പിക്കുകയും അതുവഴി സൃഷ്ടാവിന്റെ സാമീപ്യം തേടുകയും ചെയ്യുന്ന പക്ഷം അവന്‍ കാഫിറും (അവിശ്വാസി) മുശ്രിക്കും (ബഹുദൈവ വിശ്വാസി) ആണ്. അനന്തരം അവന്‍ നരകത്തില്‍ വസിക്കുന്നവനുമാണ്.

വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നവര്‍ക്ക് അറിയാം, മക്കയിലെ മുശ്രിക്കുകളോട് നബി യുദ്ധം ചെയ്തു. അവരുടെ രക്തങ്ങളെയും അവരുടെ സമ്പത്തിനെയും അനുവദനീയമാക്കി. അവരുടെ സന്താനങ്ങളെയും സ്ത്രീകളെയും ബന്ദികളാക്കി. അവരുടെ ഭൂമികള്‍ അനന്തരമാക്കി പിടിച്ചുവെച്ചു. ആ മുശ്രിക്കുകള്‍, അവരെല്ലാം അള്ളാഹുവില്‍ വിശ്വസിക്കുന്നവരായിരുന്നു, പക്ഷെ അള്ളാഹു അള്ളാത്തവരെ അള്ളാഹുവിനോട് ചേര്‍ത്ത് വെച്ചപ്പോള്‍, അവര്‍ അക്കാരണത്താല്‍ മുശ്രിക്കുകളും അവരുടെ ചോരയും സമ്പത്തും അനുവദീയമാക്കപ്പെട്ടവരുമായി തീര്‍ന്നു.

(പുസ്തകം: കിത്താബുത്തൗഹീദ് – സംഗ്രഹം: കോയക്കുട്ടി ഫാറൂഖി)

പ്രവാചകന്റെ പേരിലും ഖുര്‍ആന്റെ പേരിലും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് അസഹിഷ്ണുതയും വിദ്വേഷവും വളര്‍ത്തുന്നതാണ് പാഠപുസ്തകത്തിലെ ആശയങ്ങളും വാദങ്ങളുമെന്ന വിമര്‍ശനം മുസ്ലീം സമൂഹത്തിനുള്ളില്‍ നിന്ന് തന്നെ ശക്തമായി ഉയര്‍ന്നു കഴിഞ്ഞു. 

പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുന്നി വിദ്യാര്‍ത്ഥി സംഘടനയായ എസ്.എസ്.എഫ് രംഗത്തെത്തി. 1997ല്‍ വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച പുസ്തകമാണ് വീണ്ടും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി പാഠപുസ്തകം യൂണിവേഴ്സിറ്റി കോളജുകളില്‍ പഠിപ്പിക്കുന്നുണ്ട്.

പ്രവാചകന്‍ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതെന്നും പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 5ന് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തുമെന്നും എസ്.എസ്.എഫ് അറിയിച്ചു.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമിച്ച വഹാബി സ്വാധീനമുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസാണ് പുസ്തകം വീണ്ടും ഉള്‍പ്പെടുത്തിയതെന്ന് എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍.വി അബ്ദുറസാഖ് സഖാഫി പറഞ്ഞു.

This post was last modified on December 27, 2016 2:19 pm