X

കാലിക്കറ്റ് സര്‍വ്വകലാശാല; വിദ്യാര്‍ഥിനികളെ വ്യാജ റാഗിംഗ് പരാതിയില്‍ കുടുക്കാന്‍ നീക്കം

അഴിമുഖം പ്രതിനിധി

ഗവര്‍ണര്‍ക്കും ചീഫ് ജസ്റ്റിസിനും യുജിസിയ്ക്കും പരാതി നല്‍കിയ വിദ്യാര്‍ഥിനികളെ റാഗിംഗ് പരാതിയില്‍ കുടുക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല അധികൃതരുടെ ശ്രമം. മുഫീദ, സുഫീല എന്നീ എംഎസ്എഫ് പ്രവര്‍ത്തകര്‍, ആറോളം കായികവിദ്യാര്‍ഥികള്‍ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവരെ ഹോസ്റ്റലില്‍ വച്ച് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് പരാതി. തങ്ങള്‍ക്കെതിരെ 12ല്‍ അധികം പരാതികളാണ് അണിയറയില്‍ തയ്യാറാവുന്നതെന്നറിഞ്ഞതായി സപ്പോര്‍ട്ട് സി യു ഗേള്‍സ് പ്രതിനിധികളായ വിദ്യാര്‍ഥിനികള്‍ വ്യക്തമാക്കി.  പ്രതികരിച്ചവര്‍, പരാതി നല്‍കിയവര്‍, ഒപ്പു ശേഖരണം നടത്തിയവര്‍ എന്നിങ്ങനെയുള്ളവരെ ലക്ഷ്യമാക്കിയാണ് പരാതികള്‍.

ഇത്തരം വ്യാജപരാതികള്‍ക്കെല്ലാം ആവശ്യമായ സഹായം അഡ്മിനിസ്ട്രേഷന്‍ വകുപ്പില്‍ നിന്നും  ലഭ്യമാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ പോലീസിന് കൈമാറുന്നു, പോലീസും ഇവരോടൊപ്പമാണ്. എന്നാല്‍ തങ്ങളുടെ പരാതികള്‍ സ്വീകരിക്കാന്‍ പോലും സര്‍വ്വകലാശാല പലപ്പോഴും കൂട്ടാക്കാറില്ല എന്നും അവര്‍ ആരോപിക്കുന്നു. പരാതികള്‍ ശാസ്ത്രീയമായ രീതിയില്‍ പരിശോധിക്കണമെന്നാണ് വിദ്യാര്‍ഥിനികളുടെ ആവശ്യം. രാഷ്ട്രപതി മുതല്‍ക്കുള്ളവര്‍ക്ക് നിവേദനം സമര്‍പ്പിക്കാനാണ് തീരുമാനം. കൂടാതെ നിയമസഭ വനിതാ സബ് കമ്മിറ്റിയും ഇവര്‍ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്.

അതിനിടെ സുരക്ഷാ വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വകുപ്പ് തലവന്മാരുടെ യോഗം വിളിക്കുകയുണ്ടായി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രമേയം പാസ്സാക്കിയതിനെ അധ്യാപകര്‍ യോഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. കാമ്പസിലെ സെക്യൂരിറ്റി സംവിധാനത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരു നടപടിയും സര്‍വ്വകലാശാല കൈക്കൊള്ളരുത് എന്ന് വകുപ്പ് തലവന്മാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കാമ്പസില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലടിസ്ഥാനത്തിലും ചെയ്തു തീര്‍ക്കേണ്ട സുരക്ഷാ നടപടികളെപ്പറ്റി പഠിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തി. ഫിലോസഫി വിഭാഗം തലവന്‍  ഡോ. കെ ഗോപിനാഥന്‍റെ നേത്രുത്വത്തില്‍ ഡോ. മുസ്തഫ, ഡോ. എ ബി മൊയ്ദീന്‍ കുട്ടി, ഡോ. ഗീതാകുമാരി, ഡോ. സക്കീര്‍ ഹുസൈന്‍, ഡോ.ഇ തോമസ്‌ കുട്ടി, ഡോ. നാഗേന്ദ്ര ശ്രീനിവാസ് എന്നിവര്‍ അംഗങ്ങളായിട്ടുള്ള സമിതി വിദ്യാര്‍ഥികള്‍, അദ്ധ്യാപകര്‍, ഗവേഷകര്‍ എന്നിവരില്‍ നിന്നും. വകുപ്പ് തലവന്മാരില്‍ നിന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

 

 

This post was last modified on December 27, 2016 3:32 pm