X

അഞ്ചു വര്‍ഷം കൊണ്ട് അച്ചേദിന്‍ നല്‍കാനാകില്ലെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ

നല്ലനാളുകള്‍ വാഗ്ദാനം ചെയ്തു കൊണ്ട് 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്ത ബിജെപി ഭരണം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സ്വരംമാറ്റുന്നു. അടുത്തകാലത്തൊന്നും അച്ചേദിന്‍ സാധ്യമാകില്ലെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ പറഞ്ഞു. അച്ചേദിനങ്ങള്‍ കൊണ്ടു വരാന്‍ 25 വര്‍ഷം എടുക്കുമെന്ന്‌ ഷാ ഭോപാലിലെ ഒരു പരിപാടിക്കിടെ പറഞ്ഞു. ഇന്ത്യയെ ലോകശക്തിയായി ഉയര്‍ത്താന്‍ ഒരു അഞ്ചുവര്‍ഷ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. ഇന്ത്യയെ ഒന്നാമത് എത്തിക്കാന്‍ അടുത്ത 25 വര്‍ഷം പഞ്ചായത്ത് മുതല്‍ ലോക്‌സഭ വരെയുള്ള എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി വിജയിക്കണം. എന്നാലേ നല്ലനാളുകള്‍ക്കായുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഷാ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇന്ത്യയുടെ പുരോഗതിക്കായി ഒന്നും ചെയ്തില്ലെന്ന വിമര്‍ശനത്തിന്റെ അകമ്പടിയോടെയാണ് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ മോദി നല്ല ദിനങ്ങള്‍ വരവായിയെന്ന് പ്രചാരണം നടത്തിയത്.

This post was last modified on December 27, 2016 3:13 pm