X

ലോ അക്കാദമിക്ക് തിരിച്ചടി; ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

രാഷ്ട്രീയ സമരം സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മി നായര്‍ ഹര്‍ജി നല്‍കിയത്

തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിന് മുന്നിലെ സമരപ്പന്തലുകള്‍ പൊളിച്ചു നീക്കണമമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയ സമരം സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മി ഹര്‍ജി നല്‍കിയത്.

അതേസമയം ക്യാമ്പസിലെ സഞ്ചാര സ്വാതന്ത്ര്യം തങ്ങള്‍ ഹനിച്ചിട്ടില്ലെന്ന് കോടതിയില്‍ ഹാജരായ വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. പേരൂര്‍ക്കട സിഐ ആണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

ലോ അക്കാദമിക്ക് മുന്നിലെ എല്ലാ സമരപ്പന്തലുകളും പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഇന്നലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി നേതാവ് വി മുരളീധരന്‍ കിടക്കുന്നതുള്‍പ്പെടെയുള്ള സമരപ്പന്തലുകള്‍ പൊളിച്ചുനീക്കണമെന്നായിരുന്നു ആവശ്യം. കോളേജിനകത്തേക്കും പുറത്തേക്കും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിര്‍കക്ഷികളാക്കി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊളിക്കണമെന്നും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ മറ്റൊരു ഹര്‍ജിയും നല്‍കിയിരുന്നു. അതേസമയം കോളേജിനുള്ളില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

മാനേജ്‌മെന്റിനും വിദ്യാര്‍ത്ഥികള്‍ക്കും കോളേജിനുള്ളില്‍ പ്രവേശനം നിഷേധിച്ചാല്‍ പോലീസിന് ഇടപെടാമെന്നും ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി വ്യക്തമാക്കി.

This post was last modified on February 1, 2017 6:56 am