X

ഫ്‌ളൈയിംഗ് അക്കാഡമി; ദളിത് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പരിശീലകനെതിരെ വധശ്രമത്തിനു കേസ്

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം രാജീവ്ഗാന്ധി ഫ്‌ളൈയിംഗ് അക്കാഡമയില്‍ പൈലറ്റ് പരിശീലനത്തിനിടയില്‍ ദളിത് വിദ്യാര്‍ഥിയായ രാഹുലിനെ പരിശീലന പറക്കലിനിടയില്‍ മര്‍ദ്ദിച്ചുവെന്ന ആരോപണത്തില്‍ പരീശിലകനെതിരെ പൊലീസ് വധശ്രമത്തിനു കേസ് എടുത്തു. ഫ്‌ളൈയിംഗ് പരിശീലകന്‍ വംശി കൃഷ്ണക്കെതിരെയാണ് കേസെടുക്കാന്‍ സര്‍ക്കാര്‍  ക്രൈം ബ്രാഞ്ചിനോട് ഉത്തരവിട്ടിരിക്കുന്നത്. തിരുവനനന്തപുരം ജില്ല ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. വിജയനെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അധിക്രമങ്ങള്‍ തടയാനുള്ള കേന്ദ്രനിയമം ചുമത്തിയതിനാല്‍ കേസില്‍ മുപ്പതു ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ആണ് ഉത്തരവ്.

പ്രവേശനപരീക്ഷയില്‍ ഒന്നാം റാങ്കോടെ പാസ്സായി സര്‍കാരിന്റെ പൂര്‍ണ സ്‌കോളര്‍ഷിപ്പില്‍ പഠിക്കാന്‍ എത്തിയ രാഹുലിനെ പുതിയ പരിശീലകനായി എത്തിയ വംശി കൃഷ്ണ എയര്‍ക്രാഫ്റ്റില്‍ വെച്ച് പരിശീലന പറക്കലിനിടയില്‍ മര്‍ദ്ദിക്കുകക്കുകയും ഇതേ തുടര്‍ന്നു തന്റെ കണ്ണിനു പരിക്ക് പറ്റുകയും ചെയ്തതായി രാഹുല്‍ അഴിമുഖത്തിനോട് പറഞ്ഞിരുന്നു. വലതുകണ്ണിനേറ്റ പരിക്കിനെ തുടര്‍ന്നു രാഹുലിന് ഒരാഴ്ചയോളം ചികിത്സ തേടേണ്ടി വന്നിരുന്നു.

പൈലറ്റാകാന്‍ മോഹിച്ചു; ഒന്നാം റാങ്കുകാരനായ ദളിത് വിദ്യാര്‍ത്ഥിക്ക് കിട്ടിയത് പരിശീലകന്റെ തല്ല്

തന്നെ വംശി കൃഷ്ണ ആക്രമിച്ചതിനെതിരെ അക്കാഡമി വൈസ് ചെയര്‍മാന്‍ ചന്ദ്രമൗലിയ്ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും അകാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കാനായിരുന്നു വലിയതുറ പൊലീസും പ്രാഥമിക അന്വേഷണം നടത്തിയ അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍ ദത്തനും ശ്രമിച്ചതെന്ന രാഹുലിന്റെ പരാതിയിന്മേല്‍ ആഭ്യന്തരവകുപ്പ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ഇന്നലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എസ് വിജയയന്‍ രാഹുലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. രാഹുലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്തയും, സംസ്ഥാന പട്ടികജതിവര്‍ഗ കമ്മിഷനും ദളിത് പീഡനത്തിന് കേസ് എടുത്തിട്ടുണ്ട്.

അതേസമയം രാഹുലിന്റെ പരാതി വ്യാജമാണെന്നും ഒരു തരത്തിലുള്ള ഉപദ്രവും പരിശീലനവിദ്യാര്‍ത്ഥികളോട് നടത്തിയിട്ടില്ലെന്നുമാണ് വംശി കൃഷ്ണ പറയുന്നത്.

This post was last modified on December 27, 2016 3:52 pm