X

ഇന്ത്യയെ ക്യാഷ് ലെസ്സ് ആക്കാന്‍ നോട്ട് റദ്ദാക്കല്‍ എന്ന വങ്കത്തം ഉപായമാക്കുന്നു; മന്ത്രി തോമസ് ഐസക്

അഴിമുഖം പ്രതിനിധി

ഇന്ത്യയെ നോട്ടില്ല സമ്പദ്ഘടനയാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നോട്ട് നിരോധനമെന്ന് ധനമന്ത്രി തോമസസ് ഐസക്ക്. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ രണ്ടുശതമാനത്തില്‍ താഴെ നില്‍ക്കുന്നൊരു രാജത്തെ ക്യാഷ് ലെസ് ആക്കുന്നതിനുള്ള സര്‍ക്കാരിന്റെ വങ്കന്‍ ഉപായമാണ് നോട്ട് റദ്ദാക്കല്‍ എന്നു ഐസക് കുറ്റപ്പെടുത്തുന്നു. ആദ്യം സമ്പദ്ഘടന വികസിക്കട്ടെ എന്നിട്ടാകാം ക്യാഷ് ലെസ് ആക്കുന്നതെന്നാണ് ഐസക് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്.

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുമ്മനം രാജശേഖരനും സംഘവും മലയാളികളെ ഡിജിറ്റല്‍ ബാങ്കിംഗ് പഠിപ്പിക്കാന്‍ ഒരുങ്ങുന്നു. ഗൃഹപാഠം ചെയ്യാതെ നോട്ടുകള്‍ റദ്ദാക്കിയതിന്റെ ഫലമായി സാധാരണക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് ഉത്തരമില്ലാതെ ശ്രദ്ധ തിരിക്കാനുള്ള അടവാണ് മോദിയുടെ മന്‍ കി ബാത്ത് പ്രസംഗം. പാക്കിസ്ഥാന്‍ കള്ളനോട്ടിനെ കുറിച്ചും കള്ളപ്പണത്തെ കുറിച്ചും മിണ്ടാട്ടമില്ല. വികസിത രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നോട്ടില്ലാ സമ്പദ്ഘടനയാക്കുന്നതിനുള്ള അവസരമാണത്രെ നോട്ട് നിരോധനം കൊണ്ട് വന്നിരിക്കുന്നത്. ആദ്യം സമ്പദ്ഘടന വികസിക്കട്ടെ എന്നിട്ടാക്കാം ക്യാഷ്‌ലെസ്.

കുമ്മനം ഇടപെട്ടില്ലെങ്കിലും കേരളത്തില്‍ നോട്ട് രഹിത പണമിടപാടുകള്‍ വേഗത്തില്‍ പടരും. മെട്രോപൊളിറ്റന്‍ നഗരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഇക്കാര്യത്തില്‍ കേരളം ഇപ്പോള്‍ തന്നെ മുന്നിലാണ്. പലതുണ്ട് കാരണങ്ങള്‍. ജനങ്ങള്‍ സാക്ഷരരാണ്. ദരിദ്രരുടെ എണ്ണം ഏറ്റവും കുറവാണ്. ഏതാണ്ട് സമ്പൂര്‍ണ ബാങ്കിംഗ് സംസ്ഥാനമാണ്. ഏറ്റവും മികച്ച ഇന്റര്‍നെറ്റ് ശൃംഖലയുള്ള സംസ്ഥാനമാണ്. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം കുറവാണ്. തീരെയില്ല എന്നു തന്നെ പറയാം. ഇതില്‍ നിന്നെല്ലാം എത്രയോ അകലെയാണ് ഇതര സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളുടെ സ്ഥിതി.

134 കോടി ജനങ്ങളുളള ഇന്ത്യ രാജ്യത്ത് 34 % ജനങ്ങള്‍ക്കെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഗ്രാമീണ ഇന്ത്യ ഇപ്പോഴും ‘വേള്‍ഡ് വൈഡ് വെബി’ന് പുറത്താണ്. 2015 ല്‍ 53% പ്രായപൂര്‍ത്തിയായ ഇന്ത്യക്കാര്‍ക്കേ ബാങ്ക് അകൗണ്ട് ഉണ്ടായിരുന്നുള്ളൂ. ഇതില്‍ 43% നിര്‍ജ്ജീവമായിരുന്നു.

90 % ജനങ്ങളും ചെറുകിട അസംഘടിത മേഖലയിലാണ് തൊഴിലെടുക്കുന്നത്. ദേശീയ വരുമാനത്തിന്റെ പകുതിയോളം ഇവിടെയാണ് സൃഷ്ടിക്കപ്പെടുന്നത്. അസംഘടിത മേഖലയിലെ നല്ല പങ്ക് ഇടപാടുകളും അനൗപചാരികമാണ്. നോട്ടിന്റെ ഇടനില കൂടിയേ തീരൂ.

ചെറു വികസിത രാജ്യങ്ങളും (സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങള്‍) സിംഗപ്പൂര്‍ പോലുള്ള നഗര രാജ്യങ്ങളും ആണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഏറ്റവും മുന്നില്‍. അമേരിക്കയില്‍ പോലും 45% ഇടപാടുകളെ ഡിജിറ്റല്‍ ആയിട്ടുള്ളൂ. ഇവരാരും നോട്ട് റദ്ദ് ചെയ്തല്ല ഡിജിറ്റല്‍ ഇക്കോണമിയിലേക്ക് നീങ്ങിയിട്ടുള്ളത്. ബ്രസീല്‍ , ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോഴും 15 ശതമാനത്തില്‍ താഴെയാണ് ഡിജിറ്റല്‍ പണമിടപാടുകള്‍. അപ്പോഴാണ് ഇപ്പോള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ രണ്ട് ശതമാനത്തില്‍ താഴെ നില്‍ക്കുന്ന ഇന്ത്യയെ ക്യാഷ്‌ലെസ്സ് ആക്കുന്നതിന് നോട്ട് റദ്ദാക്കല്‍ വങ്കത്തം ഒരു ഉപായമാക്കാന്‍ പദ്ധതിയിടുന്നത്‌.

This post was last modified on December 27, 2016 2:14 pm

Related Post
Leave a Comment